സൗദിയില്‍ കോവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായി നീക്കി
പൊതുപരിപാടികളിൽ പങ്കെടുക്കുന്നതിനും സ്ഥാപനങ്ങളിലും നിര്‍ബന്ധമുണ്ടായിരുന്ന തവക്കല്‍ന ആപ്ലിക്കേഷന്‍ പരിശോധനയും മാസ്‌കും ഒഴിവാക്കി
സൗദിയില്‍ കോവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി ഏര്‍പ്പെടുത്തിയ എല്ലാ നിയന്ത്രണങ്ങളും പിന്‍വലിച്ചു. പൊതുപരിപാടികളിൽ പങ്കെടുക്കുന്നതിനും സ്ഥാപനങ്ങളിലും നിര്‍ബന്ധമുണ്ടായിരുന്ന തവക്കല്‍ന ആപ്ലിക്കേഷന്‍ പരിശോധനയും മാസ്‌കും ഒഴിവാക്കി. ഇതിനിടെ രാജ്യത്ത് ഇന്നും കോവിഡ് കേസുകളില്‍ വര്‍ധനവ് രേഖപ്പെടുത്തി.
രാജ്യത്തേ കോവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായും പിന്‍വലിച്ചതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സ്ഥാപനങ്ങളിലും പൊതുപരപാടികളിലും പ്രവേശിക്കുന്നതിനും സംഘടിപ്പിക്കുന്നതിനും നിര്‍ബന്ധമാക്കിയിരുന്ന തവക്കല്‍ന ആപ്ലിക്കേഷനിലെ പ്രതിരോധശേഷി പരിശോധന ഇനി നിര്‍ബന്ധമില്ല. മാസ്ക്ക് ധരിക്കുന്നതും ഒഴിവാക്കി. മക്ക മദീന ഉള്പ്പെടുന്ന ഇരു ഹറം പള്ളികളിലും ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശിക്കുന്ന പ്രത്യേക സ്ഥലങ്ങളിലുമൊഴിച്ച് അടച്ചിട്ട സ്ഥലങ്ങളിലും സ്ഥാപനങ്ങളിലും മാസ്‌ക്ക് ധരിക്കല് നിര്‍ബന്ധമില്ല.
എന്നാല്‍ സുരക്ഷയുടെ ഭാഗമായി ഇവന്റുകളിലും പൊതുഗതാഗതങ്ങളിലും മാസ്‌ക് ധരിക്കാന്‍ അതാതിടങ്ങളിലെ അതികൃതര്‍ ആവശ്യപ്പെട്ടാല്‍ ധരിക്കല്‍ നിര്‍ബന്ധമായിരിക്കും. ഇതിനിടെ രാജ്യത്ത് ഇന്നും കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനവ് രേഖപ്പെടുത്തി. 1188 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. രണ്ട് മരണവും രേഖപ്പെടുത്തി. വാക്‌സിന്‍ ഉള്‍പ്പെടെയുള്ള കോവിഡ് പ്രതിരോധ നടപടികള്‍ രാജ്യത്ത് തുടരും. നിലവിലെ സ്ഥിതി ആരോഗ്യ മന്ത്രാലയത്തിന്റെ തുടര്‍ച്ചയായ കോവിഡ് വിലയിരുത്തലുകള്‍ക്ക് വിധേയമായി പുനര്‍നിശ്ചയിക്കുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.