സൗദിയില്‍ ഇ-കൊമേഴ്‌സ് നിയമം പാലിക്കാത്ത ഓണ്‍ലൈന്‍ സ്ഥാപനങ്ങള്‍ക്കെതിരെ നടപടി കടുപ്പിച്ച് വാണിജ്യ മന്ത്രാലയം
നിയമ ലംഘനങ്ങളിലേര്‍പ്പെടുന്ന സ്റ്റോറുകള്‍ക്ക് പത്തു ലക്ഷം റിയാല്‍ വരെ പിഴ
സൗദിയില്‍ ഇ-കൊമേഴ്‌സ് നിയമം പാലിക്കാത്ത ഓണ്‍ലൈന്‍ സ്ഥാപനങ്ങള്‍ക്കെതിരെ നടപടി കടുപ്പിച്ച് വാണിജ്യ മന്ത്രാലയം. നിയമ ലംഘനങ്ങളിലേര്‍പ്പെടുന്ന സ്റ്റോറുകള്‍ക്ക് പത്തു ലക്ഷം റിയാല്‍ വരെ പിഴ ചുമത്തുമെന്ന് മന്ത്രാലയം അറിയിച്ചു. ലംഘനം ആവര്‍ത്തിക്കുന്ന സ്‌റ്റോറുകളുടെ വെബ്‌സൈറ്റുകള്‍ ബ്ലോക്ക് ചെയ്യുന്നതുള്‍പ്പെടെയുള്ള നടപടികള്‍ക്കും വിധേയമാക്കുമെന്ന് മന്ത്രലായം വ്യക്തമാക്കി.
ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരായ പരാതികള്‍ ദിനേന വര്‍ധിക്കുന്ന സാഹചര്യത്തിലാണ് മന്ത്രാലയം നടപടി ശക്തമാക്കിയത്. മന്ത്രാലയം നിര്‍ദ്ദേശിച്ച ഇ-കൊമേഴ്‌സ് നിയമം പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെയാണ് നടപടി സ്വീകരിക്കുക. ഉപഭോക്താക്കളെ കബളിപ്പിക്കുക, കരാര്‍ പ്രകാരമുള്ള ഉപഭോക്താക്കളുടെ അവകാശങ്ങള്‍ പാലിക്കാതരിക്കുക തുടങ്ങിയ ലംഘനങ്ങളിലാണ് പ്രധാനമായും നടപടി കൈകൊള്ളുന്നത്. ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരെ പിഴയും വൈബ്‌സൈറ്റ് ബ്ലോക്കാക്കുന്നതുള്‍പ്പെടെയുള്ള നടപടികളും സ്വീകരിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി. നിയമ ലംഘനം നടത്തിയ ഏഴോളം സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ചതായും മന്ത്രാലയം വെളിപ്പെടുത്തി.