റോഡുകളുടെ വിവര ശേഖരണവും അറ്റകുറ്റപണിയും; ഏകീകൃത സംവിധാനം നടപ്പാക്കാനൊരുങ്ങി സൗദി
പ്രഖ്യാപനവുമായി മുനിസിപ്പൽ ഭവനകാര്യ മന്ത്രാലയം
ദമ്മാം: സൗദിയിൽ റോഡുകളുടെ വിവര ശേഖരണം, അറ്റകുറ്റപണികൾ, നിർമാണം എന്നിവയെ ഏകോപിപ്പിക്കുന്നതിന് ഏകീകൃത ഡിജിറ്റൽ സംവിധാനം നടപ്പാക്കുന്നു. റോഡ് നെറ്റ്വർക്ക് മാനേജ്മെന്റിന്റെ കാര്യക്ഷമത വർധിപ്പിക്കുന്നതിനും ദേശീയ പദ്ധതികളുടെ ലക്ഷ്യ പൂർത്തീകരണവും ലക്ഷ്യമിട്ടാണ് സംവിധാനം ഒരുക്കുക. മുനിസിപ്പൽ ഭവനകാര്യ മന്ത്രാലയമാണ് പുതിയ ഏകജാലക സംവിധാനം പ്രഖ്യാപിച്ചത്.
റോഡുകളുടെ വിവര ശേഖരണം, അറ്റകുറ്റപണികളുടെ കൃത്യതയാർന്ന പൂർത്തീകരണം, നിർമാണം എന്നിവ ഏകീകരിക്കുന്നതിനും പരിപാലിക്കുന്നതിനും പുതിയ സംവിധാനം സഹായിക്കും. ഏറ്റവും പുതിയ ഡിജിറ്റൽ വിശകലന സാങ്കേതികവിദ്യകളെയും ജിയോസ്‌പെഷ്യൽ മാപ്പിംഗിനെയും ആശ്രയിച്ചാണ് സംവിധാനം പ്രവർത്തിക്കുക.
സാങ്കേതിക നിലവാരം കൃത്യമായി നിരീക്ഷിക്കുന്നതും സുതാര്യത ഉറപ്പ് വരുത്തുന്നതുമായാതിനാൽ അറ്റകുറ്റപ്പണികളുടെ മുൻഗണനകൾ കൃത്യമായി തിരിച്ചറിയുന്നതിനും ഇവ സഹായിക്കും. റോഡ് ആസ്തി മാനേജ്മെന്റിന്റെ കാര്യക്ഷമത മെച്ചപ്പെടുത്തുക എന്നതും പദ്ധതിയുടെ ലക്ഷ്യമാണ്. ചെലവ് കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും വിഭവ വിനിയോഗം യുക്തിസഹമാക്കുന്നതിനും ദീർഘകാല ആസൂത്രണത്തിനുള്ള നൂതന ഉപകരണങ്ങൾ ഉപയോഗിച്ചുള്ള തീരുമാനങ്ങൾക്കും ഇത് കാരണാകും. അത് വഴി മുനിസിപ്പാലിറ്റികൾക്കുള്ള ബജറ്റ് വിഹിതം മെച്ചപ്പെടുത്തുന്നതിനും, ഗതാഗത സുരക്ഷാ നിലവാരം വർദ്ധിപ്പിക്കുന്നതിനും, മുനിസിപ്പൽ സേവനങ്ങളുടെ ഗുണനിലവാരത്തിൽ ഉപഭോക്തൃ സംതൃപ്തി വർധിപ്പിക്കുന്നതിനും ലക്ഷ്യമിടുന്നതായും മന്ത്രാലയം വിശദീകരിച്ചു.