സൗദിയില്‍ നിയമ ലംഘകരെ കുറിച്ച് വിവരങ്ങള്‍ കൈമാറിയില്‍ പാരിതോഷികം.
സൗദി കിഴക്കന്‍ പ്രവിശ്യ ജവാസാത്താണ് പ്രഖ്യാപനം നടത്തിയത്
സൗദിയില്‍ നുഴഞ്ഞുകയറ്റക്കാരായ അനധികൃത താമസക്കാരെ കുറിച്ചും തൊഴില്‍ നിയമ ലംഘകരെ കുറിച്ചും വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ജവാസാത്ത് വിഭാഗം. കിഴക്കന്‍ പ്രവിശ്യ ജവാസാത്താണ് പരിതോഷികം പ്രഖ്യാപിച്ചത്. നിയമ ലംഘകരെ കുറിച്ചുള്ള വിവരങ്ങള്‍ കൈമാറുന്നവരുടെ പേരു വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
രാജ്യത്ത് കഴിയുന്ന നിയമലംഘകര്‍ക്കെതിരായ നടപടി കടുപ്പിക്കുന്നതിന്റെ ഭാഗമാണ് പ്രഖ്യാപനം. നുഴഞ്ഞുകയറ്റക്കാരായ താമസക്കാരെ കുറിച്ചും തൊഴില്‍ നിയമ ലംഘനങ്ങളിലേര്‍പ്പെട്ടവരെ കുറിച്ചും വിവരങ്ങള്‍ കൈമാറുന്നവര്‍ക്ക് പാരിതോഷികം നല്‍കുമെന്ന് കിഴക്കന്‍ പ്രവിശ്യ ജവാസാത്ത് വക്താവ് ബ്രിഗേഡിയര്‍ മുല്ല അല്‍ഉതൈബി പറഞ്ഞു. നിയമ ലംഘകരുടെ വിവരങ്ങള്‍ കൈമാറുന്നവരുടെ പേരുവിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സ്വദേശികള്‍ക്കും വിദേശികള്‍ക്കും വിവരങ്ങള്‍ കൈമാറാവുന്നതാണ്.
എന്നാല്‍ നിയമ ലംഘകര്‍ക്ക് താമസ യാത്ര ജോലി സൗകര്യങ്ങള്‍ ഒരുക്കി നല്‍കുന്നവര്‍ കടുത്ത ശിക്ഷയനുഭവിക്കേണ്ടി വരുമെന്നും ജവാസാത്ത് മുന്നറിയിപ്പ് നല്‍കി. ഇത്തരക്കാര്‍ക്ക് പതിനഞ്ച് വര്‍ഷം വരെ തടവും പത്ത് ലക്ഷം റിയാല്‍ വരെ പിഴയും ലഭിക്കും. ഇതിനിടെ നുഴഞ്ഞു കയറ്റക്കാരായ മൂന്ന് യമന്‍ സ്വദേശികളെ കഴിഞ്ഞ ദിവസം പിടികൂടി. ഇവര്‍ക്ക് യാത്രാ സൗകര്യ നല്‍കിയ രണ്ട് സ്വദേശികളെയും സൈന്യം അറസ്റ്റ് ചെയ്തിട്ടുണ്ട്. നിയമ ലംഘകരെ കുറിച്ചുള്ള വിവരങ്ങള്‍ 911, 999, 996 എന്നീ നമ്പറുകളില്‍ ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ചെയ്യാവുന്നതാണ്.