600 റിയാൽ ശമ്പളത്തിന് ജോലി ചെയ്യവേ മരിച്ച മലയാളി; ആ കുടുംബത്തിന് സ്ഥിരവരുമാനം ലഭിക്കാൻ ക്വാർട്ടേഴ്സ് നിർമിച്ചു തുടങ്ങി കെഎംസിസി

മക്കളുടെ വിവാഹം നടക്കാനിരിക്കെ പിതാവ് മരിച്ചെങ്കിലും കൃത്യ സമയത്ത് തന്നെ കെഎംസിസി വിവാഹം നടത്തി നൽകിയിരുന്നു

Update: 2021-06-29 17:05 GMT

ജിദ്ദ കെഎംസിസി ഹംസയുടെ കുടുംബത്തിന്റെ ജീവിതോപാധിക്കായി നിർമ്മിച്ച് നൽകുന്ന കോട്ടേഴ്‌സ്ന്റെ നിർമ്മാണ പ്രവർത്തനങ്ങളുടെ കുറ്റി അടിക്കൽ കർമ്മം ഇന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി. എം എ സലാം നിർവഹിച്ചു. മണ്ഡലം എം എൽ എ അബ്ദുൽഹമീദ് മാസ്റ്റർ നിർമ്മാണ കരാറും തുകയും കൈമാറി.

രണ്ട് വർഷം മുമ്പ് ജിദ്ദയിൽ ജോലി സ്ഥലത്ത് വെച്ച് അബദ്ധത്തിൽ വാട്ടർ ടാങ്കിൽ വീണ് വള്ളിക്കുന്ന് മണ്ഡലത്തിലെ തേഞ്ഞിപ്പാലം ദേവതിയാൽ സ്വദേശിയായ ഹംസ മരണപെട്ടത്. മരിക്കുന്നതിന്റെ തൊട്ട് മുമ്പ് ഹംസയുടെ രണ്ട് പെൺമക്കളുടെ വിവാഹം ഉറപ്പിച്ചിരുന്നു. 600 റിയാൽ ശബളത്തിന് ജോലി ചെയ്ത് വരികയായിരുന്നു ഇദ്ദേഹം. ഹംസയുടെ ദാരുണ മരണ വാർത്ത പുറത്ത് വന്നപ്പോൾ മക്കളുടെ വിവാഹം അടക്കമുള്ള എല്ലാ ഉത്തരവാദിത്വവും ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ഏറ്റെടുക്കുകയായിരുന്നു.

Advertising
Advertising

15 പവൻ വീതം സ്വർണ്ണാഭരണവും വിവാഹ വസ്ത്രങ്ങളും വിവാഹ സൽക്കാരത്തിന്റെ മുഴുവൻ ചിലവും നൽകി മുൻകൂട്ടി നിശ്ചയിച്ച പോലെ തന്നെ രണ്ട് മക്കളുടെയും വിവാഹം അന്ന് തന്നെ ജിദ്ദ കെ.എം.സി.സി യുടെ ചിലവിൽ നടത്തി കൊടുത്തിരുന്നു. പിന്നീട് ഹംസയുടെ ഭാര്യയുടെ നിത്യച്ചിലവിന് സ്ഥിര വരുമാനം കണ്ടെത്താൻ വേണ്ടി ദേവതിയാലിൽ കുടുംബത്തിന്റെ പേരിൽ ജിദ്ദ കെ.എം.സി.സി 13 സെന്റ് ഭൂമി വാങ്ങുകയായിരുന്നു. ഹംസയുടെ വിധവയുടെ പേരിൽ റജിസ്ട്രർ ചെയ്ത ഭൂമിയുടെ ആധാരം 4 മാസം മുമ്പ് സംസ്ഥാന മുസ്ലിം ലീഗ് പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ കുടുംബത്തിന് കൈമാറിയിരുന്നു.

ഈ സ്ഥലത്ത് ജിദ്ദ കെ.എം.സി.സി.യുടെ ചിലവിൽ നിർമ്മിക്കുന്ന ക്വാർട്ടേഴ്സിൽ നിന്ന് ലഭിക്കുന്ന വരുമാനം കൊണ്ട് കുടുംബത്തിന്റെ നിത്യച്ചിലവിന് വഴി ഒരുങ്ങും എന്നാണ് പ്രതീക്ഷിക്കുന്നത്. കെഎംസിസി ജിദ്ദ സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് വി പി മുസ്തഫ അധ്യക്ഷത വഹിച്ചു. വള്ളിക്കുന്ന് മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് ഡോ. വി പി അബ്ദുൽ ഹമീദ് മാസ്റ്റർ, സെക്രട്ടറി ബക്കർ ചെർണ്ണൂർ, പ്രവാസി ലീഗ് സംസ്ഥാന പ്രസിഡന്റ് ഹനീഫ മൂന്നിയൂർ, പഞ്ചായത്ത്‌ മുസ്ലിം ലീഗ് പ്രസിഡന്റ് ഷരീഫ്, കെഎംസിസി നേതാക്കളായ ഇബ്രാഹിം മുഹമ്മദ്‌, ഗഫൂർ പട്ടിക്കാട്, സീതി കൊളക്കടൻ, നസീം കാടപ്പടി, പി കെ സുഹൈൽ, നൂർ മുഹമ്മദ്‌, സി എച് അബുബക്കർ സിദ്ദീഖ്, സൈദലവി നീലങ്ങത്, അഷ്‌റഫ്‌ വെന്നിയൂർ, റഫീഖ് അമരേരി, ഇ പി ഇബ്രാഹിം, പ്രവാസി ലീഗ് വള്ളിക്കുന്ന് മണ്ഡലം പ്രസിഡന്റ് പി എം ബാവ പ്രസംഗിച്ചു

ജിദ്ദ കെ എം സി സി കുടുംബ സുരക്ഷ പദ്ധതി കേരള കോർഡിനേറ്റർ പി എം എ ജലീൽ സ്വാഗതവും ജിദ്ദ കെഎംസിസി സെക്രട്ടറി സി സി കരീം നന്ദിയും പറഞ്ഞു. അപകടത്തിൽ മരണപ്പെട്ട സഹജീവിയുടെ കുടുംബത്തിന് കൈതാങ്ങ് നൽകാനുള്ള മഹത്തായ ശ്രമത്തെ പിന്തുണച്ച മുഴുവൻ സുമനസ്സുകൾക്കും ജിദ്ദ കെ.എം.സി.സി. പ്രസിഡന്റ് അഹമ്മദ് പാളയാട്ടും ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്രയും നന്ദി പറഞ്ഞു.

Editor - VM Afthabu Rahman

Principal Correspondent

സൗദിയിലെ സർക്കാർ ഔദ്യോഗിക പരിപാടികളെല്ലാം നേരിട്ട് റിപ്പോർട്ട് ചെയ്യുന്ന ഏക ഇന്ത്യൻ ചാനലാണ് മീഡിയവൺ. മീഡിയവൺ സൗദി അറേബ്യ ബ്യൂറോയിലെ ചീഫ് ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റാണ് ലേഖകൻ.

Similar News