ഗ്രീൻ ഫാൽക്കൺസ് ലോകകപ്പിനെത്തുന്നത് ഏഴാം തവണ

സൗദിയുടെ അരങ്ങേറ്റം 1994 ൽ

Update: 2025-10-15 06:49 GMT

റിയാദ്: സൗദി ഫിഫ ലോകകപ്പിലെത്തുന്നത് ഏഴാം തവണ. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ഇറാഖിനെതിരെ ഗോൾരഹിത സമനില നേടിയതോടെ 2026 ലോകകപ്പിലേക്കും ടീം യോഗ്യത നേടിയിരിക്കുകയാണ്. ഏഷ്യൻ ഫുട്‌ബോൾ കോൺഫെഡറേഷനിൽ നിന്നുള്ള പത്താമത്തെ ടീമായി സൗദി യോഗ്യത നേടിയത്. തുടർച്ചയായി മൂന്നാം തവണയുമാണ് ഈ നേട്ടം.

1994 ലാണ് ഗ്രീൻ ഫാൽക്കൺസ് അരങ്ങേറ്റം കുറിച്ചത്. 2006 വരെ തുടർച്ചയായി കളിച്ചു. 2010 ലും 2014 ലും അവസരം ലഭിച്ചില്ല. എന്നാൽ 2018 ലും 2022 ലും ശക്തമായി തിരിച്ചെത്തി, സ്ഥിരതയാർന്ന ഏഷ്യൻ ശക്തികേന്ദ്രമായി മാറി. 2022ലെ ലോകകപ്പിൽ അർജന്റീനയെ 2-1ന് തോൽപ്പിച്ചത് സൗദി ടീമിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറികളിൽ ഒന്നായിരുന്നു.

Advertising
Advertising

1994 ലെ ലോകകപ്പിലാണ് ഏറ്റവും മികച്ച പ്രകടനം നടത്തിയത്. 16-ാം റൗണ്ടിലെത്തി ഗ്രീൻ ഫാൽക്കൺസ്. ആ ഫോർമാറ്റിൽ 12-ാം സ്ഥാനത്തിന് തുല്യമായിരുന്നു ഈ നേട്ടം. 

സൗദിയുടെ ലോകകപ്പ് യോഗ്യത നേട്ടം

  • 1994 -യുഎസ്
  • 1998 ഫ്രാൻസ്
  • 2002 - കൊറിയ, ജപ്പാൻ
  • 2006 - ജർമനി
  • 2018 - റഷ്യ
  • 2022 - ഖത്തർ
  • 2026- യുഎസ്, കാനഡ, മെക്‌സിക്കോ



സൗദിയെ രണ്ടുതവണ ലോകകപ്പിലേക്ക് നയിച്ച ആദ്യ പരിശീലകനായി റെയ്‌നാർഡ്

സൗദി ദേശീയ ടീമിനെ രണ്ടുതവണ ലോകകപ്പിലേക്ക് നയിച്ച ആദ്യ പരിശീലകനായി ഹെർവെ റെയ്‌നാർഡ്.  ഇറാഖിനെതിരെ ഗോൾരഹിത സമനില നേടിയതോടെ 2026 ലോകകപ്പിലേക്കും ടീം യോഗ്യത നേടിയിരുന്നു. ഇതോടെയാണ് ഈ നേട്ടം കോച്ചിനെ തേടിയെത്തിയത്. 2022 ൽ ഖത്തറിൽ നടന്ന ലോകകപ്പിൽ സൗദി ടീമിനെ പരിശീലിപ്പിച്ചത് റെയ്‌നാർഡായിരുന്നു. 2019 ജൂലൈയിലാണ് അദ്ദേഹം സൗദി ടീമിനൊപ്പം ചേർന്നത്. 2023 വരെ പരിശീലകനായി. തുടർന്ന് ഫ്രഞ്ച് വനിതാ ടീമിന്റെ പരിശീലകനായി പോയ അദ്ദേഹം 2024 ഒക്ടോബറിൽ സൗദിയിൽ തിരിച്ചെത്തുകയായിരുന്നു.

വമ്പൻ നേട്ടങ്ങളിലേക്ക് സൗദിയെ നയിച്ച പരിശീലകനാണ് റെയ്‌നാർഡ്. രാജ്യത്തിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിജയങ്ങൾ (18) നേടിയ വിദേശ പരിശീലകനാണ് ഇദ്ദേഹം. 

അതേസമയം, ലോകകപ്പ് യോഗ്യത നേട്ടം ആരാധകർക്ക് സമർപ്പിക്കുന്നുവെന്ന് കോച്ച് റെയ്‌നാർഡ് പറഞ്ഞു. സാലിം ദൗസരിയെ മാൻ ഓഫ് ദി മാച്ചായി തിരഞ്ഞെടുത്തുവെങ്കിൽ ഈ വൈകുന്നേരം ആരാധകരായിരുന്നു അതെന്ന് അദ്ദേഹം പറഞ്ഞു. 2026ൽ യുഎസ്, കാനഡ, മെക്‌സിക്കോ എന്നീ രാജ്യങ്ങൾ സംയുക്തമായാണ് ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News