സൗദിയിൽ ട്രക്കുകൾക്കും ബസുകൾക്കും നിബന്ധനകൾ കടുപ്പിച്ചു

അനുമതിയില്ലാതെ സേവനത്തിലേർപ്പെടുന്നത് ഗുരുതര കുറ്റം

Update: 2025-03-01 17:35 GMT

ദമ്മാം: സൗദിയിൽ ട്രക്കുകൾക്കും ബസുകൾക്കും നിബന്ധനകൾ കടുപ്പിച്ച് ഗതാഗത മന്ത്രാലയം. അതോറിറ്റിയുടെ അനുമതിയില്ലാതെ വാഹനങ്ങൾ റോഡിലിറക്കുകയോ സേവനത്തിലേർപ്പെടുകയോ ചെയ്താൽ കടുത്ത പിഴ ചുമത്തി വാഹനം കണ്ടുകെട്ടുമെന്ന് ഗതാഗത അതോറിറ്റി വ്യക്തമാക്കി. നാല് തരം നിയമ ലംഘനങ്ങളും അവക്കുള്ള പിഴകളും നടപടികളും അതോറിറ്റി പുറത്തിറക്കി.

രാജ്യത്തെ ലാൻഡ് ട്രാൻസ്പോർട്ട് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന കമ്പനികളും സ്ഥാപനങ്ങളും വ്യക്തികളും പാലിക്കേണ്ട നിബന്ധനകൾ കർശനമാക്കി ഗതാഗത മന്ത്രാലയം. സേവനത്തിലേർപ്പെടുന്നവർ ഒഴിവാക്കേണ്ട 4 നിയമ ലംഘനങ്ങളും അവക്കുള്ള 6 തരം പിഴകളും അതോറിറ്റി പ്രസിദ്ധീകരിച്ചു. ലൈസൻസ് നേടിയതിന് ശേഷമല്ലാതെ റോഡുകളിൽ വാഹനം ഇറക്കാൻ പാടില്ല. കൂടാതെ ലൈസൻസില്ലാതെ റോഡുകളിൽ ഏതെങ്കിലും തരത്തിലുള്ള സേവനങ്ങൾ നൽകുന്നതിനുള്ള തയ്യാറെടുപ്പുകളും ജോലികളും നിയമ ലംഘനത്തിൽ ഉൾപ്പെടും. യാത്രക്കാരെ ക്ഷണിക്കുക, അവരെ വാഗ്ദാനങ്ങൾ നൽകി വിളിക്കുക, അവരെ പിന്തുടരുക, അവരെ തടയുക, ഒത്തുകൂടുക, ക്ഷണിക്കുന്നതിനായി യാത്രക്കാർ ഉള്ള സ്ഥലങ്ങളിൽ ചുറ്റിനടക്കുക എന്നിവയും നിയമ ലംഘനങ്ങളായി പരിഗണിക്കും.

അതോറിറ്റിയുടെ അംഗീകാരം ലഭിച്ചതിനു ശേഷമല്ലാതെ ലൈസൻസ് മറ്റൊരാൾക്ക് കൈമാറാൻ പാടില്ല, ലൈസൻസുള്ള പ്രവർത്തനത്തിന് പുറമെ വാഹനം പ്രവർത്തിപ്പിക്കാൻ അനുവാദമില്ലെന്നും വ്യവസ്ഥയിൽ നിഷ്‌കർഷിക്കുന്നുണ്ട്. നിയമലംഘനങ്ങൾക്ക് 50 ലക്ഷം റിയാൽ വരെ പിഴ ചുമത്താനും ഒപ്പം ഒരു വർഷം വരെ ലൈസൻസ് പൂർണമായോ ഭാഗികമായോ റദ്ദാക്കാനും ചട്ടം വിഭാവനം ചെയ്യുന്നുണ്ട്. കൂടാതെ രണ്ട് മാസക്കാലത്തേക്ക് വാഹനങ്ങൾ പിടിച്ചെടുക്കുന്നതിനും നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നുണ്ട്.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News