സൗദി ടൂറിസം മേഖലയില്‍ സ്വദേശിവല്‍ക്കരണം ഉയര്‍ത്താന്‍ പ്രത്യേക പദ്ധതിയുമായി ടൂറിസം മന്ത്രാലയം
ആറ് പ്രവിശ്യകളിലെ ടൂറിസം മേഖലയില്‍ കൂടുതല്‍ സ്വദേശികളെ നിയമിക്കുന്നതിന് കണ്‍സള്‍ട്ടന്‍സി കരാര്‍ ഉടന്‍ നടപ്പാക്കും
സൗദിയില്‍ ടൂറിസം മേഖലയില്‍ സ്വദേശിവല്‍ക്കരണം ഉയര്‍ത്താന്‍ പ്രത്യേക പദ്ധതിയുമായി ടൂറിസം മന്ത്രാലയം. ആറ് പ്രവിശ്യകളിലെ ടൂറിസം മേഖലയില്‍ കൂടുതല്‍ സ്വദേശികളെ നിയമിക്കുന്നതിന് കണ്‍സള്‍ട്ടന്‍സി കരാര്‍ ഉടന്‍ നടപ്പാക്കും. രാജ്യത്ത് ഏഴര ലക്ഷത്തോളം പേര്‍ ജോലി ചെയ്യുന്ന വിനോദ സഞ്ചാര മേഖലയില്‍ രണ്ട് ലക്ഷത്തോളം പേര്‍ സ്വദേശികളാണ്.
വിനോദ സഞ്ചാര മേഖലയിലെ സ്വദേശികളുടെ അനുപാതം വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം. ഇതിനായി ടൂറിസം മന്ത്രാലയം പ്രത്യേക പദ്ധതി നടപ്പാക്കും. ആദ്യ ഘട്ടത്തില്‍ ആറു പ്രധാന പ്രവിശ്യകളില്‍ ഇതിനായി സജ്ജീകരണങ്ങള്‍ ഒരുക്കും. പദ്ധതി നടപ്പിലാക്കുന്നതിനായി കണ്‍സള്‍ട്ടന്‍സിയുമായി ധാരണയുണ്ടാക്കാനുള്ള ഒരുക്കത്തിലാണെന്നും മന്ത്രാലയം വ്യക്തമാക്കി.
റിയാദ്, മക്ക, കിഴക്കന്‍ പ്രവിശ്യ, അല്‍ഖസീം, ഹാഇല്‍, നജ്‌റാന്‍ തുടങ്ങിയ പ്രവിശ്യകളിലാണ് ഒന്നാഘട്ടത്തില്‍ സ്വദേശി വല്‍ക്കരണം ഉയര്‍ത്തുക. നിലവില്‍ ടൂറിസം മേഖലയില്‍ 726000 പേര്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഇതില്‍ 189000 പേര്‍ സ്വദേശികളാണ്. സ്വദേശികളായ തൊഴിലന്വേഷകര്‍ക്ക് ആവശ്യമായ പരിശീലനവും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും നല്‍കി തൊഴില്‍ വിപണിക്കാവശ്യമായ രീതിയില്‍ പ്രാപ്തരാക്കുകയാണ് പ്രത്യേക പദ്ധതി കൊണ്ട് മന്ത്രാലയം ലക്ഷ്യമിടുന്നത്.