മലയാളി വിദ്യാർഥിക്ക് ലണ്ടൻ ഫുട്ബോൾ പരിശീലന ക്യാമ്പിലേക്ക് സെലക്ഷൻ
സഹലിന് ദമ്മാം ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ യാത്രയയപ്പും ആദരവും സംഘടിപ്പിച്ചു
ദമ്മാം: ഇന്‍റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളിലെ മലയാളി വിദ്യാര്‍ഥിക്ക് ലണ്ടന്‍ ഫുട്‌ബോള്‍ പരിശീലന ക്യാമ്പിലേക്ക് സെലക്ഷന്‍ ലഭിച്ചു. മലപ്പുറം വേങ്ങര സ്വദേശി സഹല്‍ ഹുസൈനാണ് പ്രത്യേക പരിശീലനത്തിന് തെരഞ്ഞെടുക്കപ്പെട്ടത്. ലണ്ടനില്‍ സംഘടിപ്പിക്കുന്ന പ്രത്യേക ഫുട്‌ബോള്‍ പരിശീലന കളരിയിലേക്കാണ് ദമ്മാം ഇന്ത്യന്‍ സ്‌കൂളിലെ പന്ത്രണ്ടാം ക്ലാസുകാരന്‍ സഹല്‍ ഹുസൈന്‍ തെരഞ്ഞെടുക്കപ്പെട്ടത്. മലപ്പുറം വേങ്ങര കക്കാടുപുറം സ്വദേശി ഹുസൈന്‍റെ മകന്‍ സഹല്‍ ഹുസൈനാണ് തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥി. ദമ്മാം ഇന്ത്യന്‍ സ്‌കൂളിനു വേണ്ടി നിരവധി മല്‍സരങ്ങളില്‍ ബൂട്ടണിഞ്ഞിട്ടുണ്ട്. ദമ്മാമിലെ ഫുട്‌ബോള്‍ മൈതാനത്തെ സജീവ സാന്നിധ്യം കൂടിയാണ് സഹല്‍. ഈ മാസം പതിമൂന്ന് മുതല്‍ ഒരു മാസക്കാലത്തേക്കാണ് പരിശീലനം. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ അക്കാദമിക്ക് കീഴിലാണ് ക്യാമ്പ്.
സഹലിന് ദമ്മാം ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ ആദരവും യാത്രയയപ്പും സംഘടിപ്പിച്ചു. ഇറാം ഗ്രൂപ്പ് സി.ഇ.ഒ അബ്ദുറസാഖ് പാലക്കാട് ഉപഹാരം സമ്മാനിച്ചു. ലണ്ടനിലെ പരീശീലനത്തിന് ശേഷം ഇന്ത്യയില്‍ പരിശീലനം തുടരാനാണ് സഹലിന്‍റെ തീരുമാനം. ഡിഫ പ്രസിഡന്‍റ് മുജീബ് കളത്തില്‍, റഫീഖ് കൂട്ടിലങ്ങാടി, ബീരാന്‍ കുട്ടി ഹാജി തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.