ജിദ്ദയിൽ മരിച്ച കൊണ്ടോട്ടി സ്വദേശിയുടെ മൃതദേഹം നാട്ടിൽ സംസ്‌കരിച്ചു

14 വർഷമായി ജിദ്ദ സമാകോ കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു

Update: 2025-07-12 14:01 GMT

ജിദ്ദ: കഴിഞ്ഞ ആഴ്ച സൗദിയിലെ ജിദ്ദയിൽ മരിച്ച കൊണ്ടോട്ടി നെടിയിരുപ്പ് ചോലമുക്ക് സ്വദേശി പറക്കാടൻ അജയൻ എന്ന ബാബുവിന്റെ സംസ്‌കാര ചടങ്ങുകൾ നാട്ടിൽ പൂർത്തിയായി. ഹൃദയാഘാതത്തെതുടർന്നായിരുന്നു മരണം. ജിദ്ദ കിംഗ് അബ്ദുൽ അസീസ് ആശുപത്രിയിൽ വെച്ച് എംബാം ചെയ്ത മൃതദേഹം വ്യാഴാഴ്ച വൈകുന്നേരം ജിദ്ദ-റിയാദ്-കാലിക്കറ്റ് ഫ്‌ളൈനാസ് വിമാനത്തിലാണ് നാട്ടിലേക്ക് അയച്ചത്. ജിദ്ദ കെഎംസിസി വെൽഫയർ വിംഗ് ചെയർമാൻ മുഹമ്മദ് കുട്ടി പാണ്ടിക്കാടിന്റെ നേതൃത്വത്തിൽ ഒരാഴ്ച എടുത്താണ് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് ആവശ്യമായ നടപടികൾ പൂർത്തിയാക്കിയത്.

വെള്ളിയാഴ്ച രാവിലെ 8.20 ന് കോഴിക്കോട് വിമാനത്താവളത്തിൽ എത്തിയ മൃതദേഹം കുടുംബാംഗങ്ങളും വാർഡ് കൗൺസിലർ സി കെ ആസിഫ്, സി കെ മുഹമ്മദ് അലി, കോട്ടയിൽ മുനീർ, സി പി മുഹമ്മദ് അനസ്, മിസ്ഹബ്, നവനീത് ടി പി, ബാസിത് അലി സി പി, ഷബീൽ സി പി, അബ്ബാസ് മുസ്‌ലിയാരങ്ങാടി, നിഷാദ് നയ്യൻ, സലീം നീറാട് എന്നിവരും ചേർന്ന് ഏറ്റുവാങ്ങി. വീട്ടിൽ പൊതുദർശനത്തിന് വെച്ച മൃതദേഹം മതപരമായ ചടങ്ങുകൾക്ക് ശേഷം കുടുംബ ശ്മശാനത്തിൽ മറവ് ചെയ്തു. 14 വർഷമായി ജിദ്ദ സമാകോ കമ്പനിയിൽ ജോലി ചെയ്ത അജയന് ഭാര്യയും മൂന്ന് മക്കളുമുണ്ട്.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News