റഹീമിന്റെ മോചനം: അപേക്ഷയിൽ സൗദി ആഭ്യന്തരമന്ത്രാലയത്തിന്റെ റിപ്പോർട്ട് കോടതി തേടും

വധശിക്ഷ റദ്ദ് ചെയ്യാനുള്ള അപേക്ഷ റിയാദിലെ കോടതിയിൽ തുടർവാദത്തിനുള്ള തിയതി കാത്തിരിക്കുകയാണെന്ന് നിയമസഹായ സമിതി

Update: 2024-04-16 06:56 GMT
Advertising

റിയാദ്: സൗദി അറേബ്യയിൽ ജയിലിൽ കഴിയുന്ന മലയാളി അബ്ദുൽ റഹീമിന്റെ വധശിക്ഷ റദ്ദ് ചെയ്യാനും അദ്ദേഹത്തെ മോചിപ്പിക്കാനുമുള്ള അപേക്ഷയിൽ സൗദി ആഭ്യന്തരമന്ത്രാലയത്തിന്റെ റിപ്പോർട്ട് കോടതി തേടും. വധശിക്ഷ റദ്ദ് ചെയ്യാനുള്ള അപേക്ഷ റിയാദിലെ കോടതിയിൽ തുടർവാദത്തിനുള്ള തിയതി കാത്തിരിക്കുകയാണെന്ന് നിയമസഹായ സമിതി അറിയിച്ചു. റഹീമിനുള്ള മോചനദ്രവ്യം സൗദിയിലെത്തിക്കാനുള്ള ശ്രമവും ഊർജിതമാണ്.

ഇന്നലെയാണ് സൗദിയിലെ റിയാദിലുള്ള കോടതി റഹീമിന്റെ വധശിക്ഷ റദ്ദാക്കാനുള്ള അപേക്ഷ ഫയലിൽ സ്വീകരിച്ചത്. ഡിജിറ്റലൈസേഷന്റെ ഭാഗമായി പേപ്പർ രഹിതമായി ഓൺലൈൻ വഴിയാണ് നിലവിൽ സൗദി കോടതികളിൽ നടപടിക്രമങ്ങൾ. ഇതിനാൽ ഓൺലൈൻ വഴിയാണ് അപേക്ഷ സമർപ്പിച്ചത്. ദിയാധനം നൽകാൻ കുടുംബവുമായി ധാരണയായ വിവരവും വധശിക്ഷ റദ്ദ് ചെയ്യണമെന്ന ആവശ്യവുമാണ് അപേക്ഷയിലുള്ളത്. സൗദി ആഭ്യന്തരമന്ത്രാലയം ഇത് സംബന്ധിച്ച റിപ്പോർട്ട് കോടതിക്ക് നൽകിയതിന് ശേഷമായിരിക്കും ബന്ധപ്പെട്ട വിഷയത്തിൽ ഉത്തരവുണ്ടാകുക. കോടതി വിളിപ്പിക്കുന്നതോടെ ഇരുവിഭാഗത്തിന്റെയും അറ്റോണിമാർ വിഷയത്തിൽ നിലപാട് കോടതിയെ അറിയിക്കും.

വധശിക്ഷാ കേസായതിനാൽ ദിയാധനം നൽകാൻ പ്രതിഭാഗം തയ്യാറാണെന്നുള്ള വിവരം കൊല്ലപ്പെട്ട അനസിയുടെ അഭിഭാഷകനാണ് കോടതിയെ അറിയിച്ചത്. ദിയാധനം നൽകാനുള്ള കുടുംബത്തിന്റെ സമ്മതത്തിന് അംഗീകാരം നൽകുകയാണ് കോടതിയുടെ ഭാഗത്ത് നിന്ന് പ്രതീക്ഷിക്കുന്ന ആദ്യ നടപടി. ഇത് സുപ്രീംകോടതി ശരിവെക്കണം. ഇതിന് ശേഷം ജയിൽ വകുപ്പിന് ഈ ഉത്തരവ് കൈമാറും. വധശിക്ഷാ കേസായതിനാൽ നടപടിക്രമങ്ങളുണ്ടാകും. എങ്കിലും പരമാവധി വേഗത്തിൽ ഇവ തീർക്കാനാണ് സഹായസമിതിയുടെ ശ്രമം. റഹീമിന്റെ കേസിൽ എംബസിയുടെ ഭാഗത്ത് നിന്ന് യൂസുഫ് കാക്കഞ്ചേരിയും പവർ ഓഫ് അറ്റോണി സിദ്ദീഖ് തുവ്വൂരുമാണ് കേസിൽ നടപടികൾ വേഗത്തിലാക്കാൻ രംഗത്തുള്ളത്.

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News