Writer - razinabdulazeez
razinab@321
ജിദ്ദ: ഇന്ത്യൻ ഹാജിമാരുടെ മടക്കയാത്ര ഇന്ന് അവസാനിക്കും. കൊൽക്കത്തയിലേക്കാണ് അവസാന വിമാനം. കേരളത്തിലേക്കുള്ള അവസാന സംഘം കണ്ണൂരിലേക്ക് അല്പസമയത്തിനകം പുറപ്പെടും.
ഹജ്ജ് അവസാനിച്ച് ഒരു മാസം നീണ്ട മടക്കയാത്രയാണ് ഇന്ന് പൂർണ്ണമാകുന്നത്. 395 വിമാനങ്ങളിലായി ഹാജിമാർ മടങ്ങി. മദീന സന്ദർശനത്തിനെത്തിയ ഹാജിമാരാണ് അവസാനം നാട്ടിലേക്ക് യാത്രയാവുന്നത്. കൊൽക്കത്തയിലേക്ക് 321 തീർത്ഥാടകരുമായി പുലർച്ചെ 12:30 നാണ് സൗദി എയർലൈൻസ് വിമാനം പുറപ്പെടുക. കേരളത്തിലേക്കുള്ള ഹാജിമാരും അല്പസമയത്തിനകം യാത്ര തിരിക്കും. 166 തീർഥാടകരുമായി കണ്ണൂരിലേക്കാണ് അവസാന സംഘം ഹാജിമാർ. ഇന്ന് പുലർച്ചെ 4:30 ന് മറ്റൊരു വിമാനം കണ്ണൂരിലേക്ക് മടങ്ങിയിരുന്നു. കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലേക്കുള്ള മടക്കം നേരത്തെ അവസാനിച്ചു. മക്കയിലും മദീനയിലുമായി 69 ഹാജിമാർ വിവിധ കാരണങ്ങളാൽ മരണപ്പെട്ടിരുന്നു. ഇവരുടെ കബറടക്കം എല്ലാം നേരത്തെ പൂർത്തിയായിട്ടുണ്ട്. ഇതിൽ 15 പേർ മലയാളികളാണ്. മക്കയിലും മദീനയിലുമായി ഏതാനും ഹാജിമാർ ചികിത്സയിലുണ്ട്. ഇവർ വരും ദിവസങ്ങളിൽ നാട്ടിലേക്ക് യാത്രയാവും.