വിശുദ്ധ കഅബ കഴുകൽ ചടങ്ങ് പൂർത്തിയായി

മക്ക ഡെപ്യൂട്ടി ഗവർണർ ചടങ്ങിന് നേതൃത്വം നൽകി

Update: 2025-07-10 17:11 GMT
Editor : razinabdulazeez | By : Web Desk

 ജിദ്ദ: മക്കയിൽ വിശുദ്ധ കഅബ കഴുകൽ ചടങ്ങ് പൂർത്തിയായി. മക്ക ഡെപ്യൂട്ടി ഗവർണറുടെ നേതൃത്വത്തിലായിരുന്നു ചടങ്ങ്. ഹജ്ജ് ഉംറ മന്ത്രിയും പണ്ഡിതസഭാം​ഗങ്ങളും കഅബയുടെ പരിചാരകരും ചടങ്ങിൽ പങ്കെടുത്തു. പുലർച്ചെയുള്ള സുബഹി നമസ്കാരത്തിന് പിന്നാലെയാണ് കഅ്ബ കഴുകുന്ന ചടങ്ങിന് തുടക്കമായത്. മക്കാ വിജയത്തിന് ശേഷം പ്രവാചകൻ നടത്തിയ ചടങ്ങാണ് ഓരോ വർഷവും പിന്തുടർന്ന് പോരുന്നത്.

സൗദി ഭരണാധികാരി സൽമാൻ രാജാവിനെ പ്രതിനിധീകരിച്ച് മക്ക ഡെപ്യൂട്ടി ഗവർണർ, പ്രിൻസ് സൗദ് ബിൻ മിഷാൽ ബിൻ അബ്ദുൽ അസീസിന്റെ നേതൃത്വത്തിലായിരുന്നു ഈ വർഷത്തെ കഅബ കഴുകൽ. ഹജ്ജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് അൽ റബീഅ, താക്കോൽ സൂക്ഷിപ്പ് ചുമതലയുള്ള അൽ ശൈബി കുടുംബത്തിലെ മുതിർന്ന അംഗം എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.

സംസം വെള്ളം ഉപയോഗിച്ച് കഅബയുടെ ചുമരും നിലവും ചടങ്ങിൽ വൃത്തിയാക്കും. അതിനുശേഷം ത്വാഇഫിലെ പനിനീർ ഓയിലും ഊദും കസ്തൂരിയും ഉപയോഗിച്ച് തുടച്ചിടും. ലോകത്തിലെ ഏറ്റവും മികച്ച ഊദ് ഉപയോഗിച്ച് കഅബക്കകം സുഗന്ധം പുകക്കുന്നതോടെയാണ് ചടങ്ങ് പൂർത്തിയാക്കുന്നത്. 

Tags:    

Writer - razinabdulazeez

contributor

razinab@321

Editor - razinabdulazeez

contributor

razinab@321

By - Web Desk

contributor

Similar News