റമദാനിൽ ടിക്കറ്റ് നിരക്ക് കുറച്ചു; റിയാദ് ബോളിവാഡ് വേൾഡിൽ ഇനി 10 റിയാലിന് പ്രവേശനം
റമദാൻ ഇരുപത് വരെ പ്രദർശനം തുടരും
Update: 2025-03-12 15:35 GMT
റിയാദ്: റമദാൻ പ്രമാണിച്ച് റിയാദ് ബോളിവാഡ് വേൾഡിലേക്കുള്ള ടിക്കറ്റ് നിരക്ക് കുറച്ചു. 10 റിയാലായിരിക്കും ഇനി ടിക്കറ്റ് നിരക്ക്. റിയാദ് സീസണിന്റെ പ്രധാന വേദിയാണ് ബോളിവാഡ് വേൾഡ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ സാംസ്‌കാരിക കാഴ്ചകൾ കൂടാതെ നിരവധി വിനോദ സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. നേരത്തെ മുപ്പത് റിയാലായിരുന്നു പ്രവേശന നിരക്ക്. വി-ബുക്ക് ആപ്പ് വഴിയാണ് ടിക്കറ്റുകൾ ലഭ്യമാവുക. 60 വയസിന് മുകളിലുള്ളവർക്കും, അഞ്ചു വയസിന് താഴെ ഉള്ളവർക്കും ടിക്കറ്റ് എടുക്കേണ്ടതില്ല.
റമദാനുമായി ബന്ധപ്പെട്ട് വ്യത്യസ്ത രാജ്യങ്ങളിലെ നോമ്പനുഭവങ്ങൾ ആസ്വദിക്കാനുള്ള സംവിധാനവും തയ്യാറാക്കിയിട്ടുണ്ട്. വിവിധ രാജ്യങ്ങളുടെ പവലിയനുകൾ സന്ദർശകർക്ക് നൽകുക തികച്ചും വ്യത്യസ്ത അനുഭവങ്ങളാണ്. റമദാൻ ഇരുപത് വരെ പ്രദർശനം തുടരും.