സൗദിയിൽ ടൂറിസ്റ്റുകൾക്കുള്ള വാറ്റ് റീഫണ്ട് പദ്ധതിക്ക് തുടക്കമായി; 15% നികുതി തുക തിരികെ ലഭിക്കും

18 വയസ്സിനു മുകളിലുള്ള സന്ദർശകർക്കാണ് പദ്ധതി ഉപയോഗപ്പെടുത്താൻ കഴിയുക

Update: 2025-08-06 13:53 GMT
Editor : Thameem CP | By : Web Desk

റിയാദ്: ടൂറിസ്റ്റുകൾക്കും ജിസിസി രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകർക്കും വേണ്ടി വാറ്റ് റീഫണ്ട് പദ്ധതിക്ക് സൗദി അറേബ്യ തുടക്കമിട്ടു. സകാത്, ടാക്സ് ആന്റ് കസ്റ്റംസ് അതോറിറ്റിയുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതി പ്രകാരം, അംഗീകൃത റീട്ടെയിൽ ഔട്ട്‌ലെറ്റുകളിൽ നിന്ന് സാധനങ്ങൾ വാങ്ങുന്ന സന്ദർശകർക്ക് വാറ്റ് തുക പൂർണ്ണമായി, അതായത് 15% തിരികെ ലഭിക്കും.

രാജ്യത്തെ വിനോദസഞ്ചാര മേഖലയെ പ്രോത്സാഹിപ്പിക്കുക, സന്ദർശകർക്ക് മികച്ച ഷോപ്പിംഗ് അനുഭവം നൽകുക എന്നിവ ലക്ഷ്യമിട്ടാണ് ഈ പദ്ധതി. 1,442 അംഗീകൃത റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ വഴി ഈ സേവനം ലഭ്യമാകും. 18 വയസ്സിന് മുകളിലുള്ള വിദേശികൾക്കും താത്കാലിക ജിസിസി സന്ദർശകർക്കും മാത്രമേ ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കൂ.

Advertising
Advertising

റീഫണ്ട് ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ:

ഏകദേശം 5,000 റിയാലിന് മുകളിലുള്ള വ്യക്തിപരമായ ഉപയോഗത്തിനുള്ള ഉത്പന്നങ്ങൾക്കാണ് വാറ്റ് തുക തിരികെ ലഭിക്കുക.

പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതിന്, പാസ്പോർട്ട് അല്ലെങ്കിൽ ജിസിസി ഐഡി ഉപയോഗിച്ച് അംഗീകൃത റീട്ടെയിൽ ഔട്ട്‌ലെറ്റിൽ നിന്ന് വാറ്റ് റീഫണ്ട് ഫോം കരസ്ഥമാക്കണം.

യാത്രക്ക് മുമ്പ്, റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം, ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് വിമാനത്താവളം, ദമ്മാമിലെ കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളം എന്നിവിടങ്ങളിലെ പ്രത്യേക കൗണ്ടറുകളിൽ നിന്ന് റീഫണ്ട് തുക കൈപ്പറ്റാം.

റീഫണ്ട് പണമായോ, ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് വഴിയോ സ്വീകരിക്കാവുന്നതാണ്.

ഇളവില്ലാത്ത ഉത്പന്നങ്ങൾ:

സൗദി അറേബ്യയിൽ ഉപയോഗിക്കുന്ന ഉത്പന്നങ്ങൾ, താമസം, ഭക്ഷണം, വാഹനങ്ങൾ, ബോട്ടുകൾ, എയർക്രാഫ്റ്റുകൾ, പാനീയങ്ങൾ, ഭക്ഷണ വസ്തുക്കൾ, പുകയില ഉത്പന്നങ്ങൾ, പെട്രോളിയം ഉത്പന്നങ്ങൾ എന്നിവക്ക് ഈ റീഫണ്ട് പദ്ധതി ബാധകമായിരിക്കില്ല.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News