ഉംറ തീർത്ഥാടനം പുനരാരംഭിക്കുന്നു; 25 മുതൽ ബുക്കിംഗ് ആരംഭിക്കും

സൗദിയ എയർലൈൻസിൽ ടിക്കറ്റെടുക്കുന്നവർക്ക് 25 മുതൽ ഉംറ പെർമിറ്റ് അനുവദിക്കും

Update: 2021-07-22 19:49 GMT
Editor : Shaheer | By : Web Desk

സൗദിയിൽ ഉംറ തീർത്ഥാടനം പുനരാരംഭിക്കുന്നതിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. സൗദിയ എയർലൈൻസിൽ ടിക്കറ്റെടുക്കുന്നവർക്ക് ജൂലൈ 25 മുതൽ ഉംറ പെർമിറ്റ് അനുവദിക്കും.

ഹജ്ജ് തീർത്ഥാടനം ആരംഭിക്കുന്നതിന്റെ ഭാഗമായി ജൂലൈ 11 നിറുത്തിവച്ചതായിരുന്നു ഉംറ തീർത്ഥാടനം. ഹജ്ജ് പരിസമാപ്തിയിലേക്ക് നീങ്ങിയതോടെ ഉംറ തീർത്ഥാടനം പുനരാരംഭിക്കുന്നതിനുള്ള ഒരുക്കങ്ങളും ആരംഭിച്ചു. ദുൽഹജ്ജ് 15 അഥവാ ജൂലൈ 25 മുതൽ ഉംറ ബുക്കിംഗ് പുനരാരംഭിക്കും. ആദ്യ ഘട്ടത്തിൽ പ്രതിദിനം 20,000 പേർക്കാണ് ഉംറക്ക് അനുമതി നൽകുക. കോവിഡ് സാഹചര്യം വിലയിരുത്തിയ ശേഷം ഘട്ടംഘട്ടമായി തീർത്ഥാടകരുടെ എണ്ണം വർധിപ്പിച്ച് ഹജ്ജിന് മുമ്പുണ്ടായിരുന്ന അവസ്ഥയിലേക്കെത്തിക്കുവാനാണ് നീക്കം.

Advertising
Advertising

ഇതിനിടെ ജിദ്ദയിലേക്കും ത്വാഇഫിലേക്കും വിമാനയാത്രക്ക് ടിക്കറ്റെടുക്കുന്നവർക്ക് ഉംറ പെർമിറ്റ് നൽകുമെന്ന് ദേശീയ വിമാനകമ്പനിയായ സൗദിയ എയർലൈൻസ് അറിയിച്ചു. ഉംറ പെർമിറ്റ് അനുവദിച്ച് തുടങ്ങുന്ന 25 മുതൽ സൗദിയ വെബ്സൈറ്റ് വഴി ഈ സേവനവും ലഭ്യമാകും. തവക്കൽനാ, ഇഅതമർനാ ആപ്ലിക്കേഷനുകളിൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറാണ് ടിക്കെറ്റെടുക്കുമ്പോൾ നൽകേണ്ടത്. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ തന്നെ യാത്രക്കാരൻ ഉംറക്ക് അർഹതയുളള ആളാണോ എന്ന് ഹജ്ജ് ഉംറ മന്ത്രാലയം പരിശോധിക്കും. ഉംറ പെർമിറ്റ് അനുവദിക്കുന്നതോടെ യാത്രക്കാരന്റെ തവക്കൽനായിലും ഇഅ്തമർനയിലും ഉംറ പെർമിറ്റ് തെളിയുകയും മൊബൈലിൽ സന്ദേശമെത്തുകയും ചെയ്യും.

Tags:    

Editor - Shaheer

contributor

By - Web Desk

contributor

Similar News