ഹൂതികൾക്കെതിരെ പ്രത്യാക്രമണം ശക്തമാക്കാനൊരുങ്ങി യുഎഇയും സൗദിയും

ഹൂതികൾക്ക് ആയുധവും മറ്റും കൈമാറുന്ന ഇറാൻ നീക്കവും ഗൾഫ് രാജ്യങ്ങളുടെ കടുത്ത എതിർപ്പിനിടയാക്കിയിട്ടുണ്ട്

Update: 2022-01-25 01:54 GMT
Editor : afsal137 | By : Web Desk
Advertising

യെമനിൽ നിന്ന് മിസൈൽ, ഡ്രോൺ ആക്രമണം തുടരുന്ന സാഹചര്യത്തിൽ ഹൂതികൾക്കെതിരെ പ്രത്യാക്രമണം ശക്തമാക്കുമെന്ന മുന്നറിയിപ്പു നൽകി സൗദി അറേബ്യയും യു.എ.ഇയും. ഇരുവിഭാഗവും സംയമനം പാലിക്കണമെന്ന യു.എൻ അഭ്യർഥനയും ഇതോടെ വെറുതെയായി. ഹൂതി ആക്രമണത്തെ അപലപിക്കാൻ കൂട്ടാക്കാത്ത ഇറാന്റെ നിലപാടിനെതിരെ അറബ് ലോകത്തും പുറത്തും പ്രതിഷേധം ശക്തമാണ്.

സൗദി അറേബ്യക്കു പിന്നാലെ യു.എ.ഇയും തങ്ങളുടെ ഉന്നമാണെന്ന് വ്യക്തമാക്കിയ ഹൂതികൾ ഇന്നലെ രണ്ടാം തവണയും അബൂദാബിക്ക് നേരെ ആക്രമണം നടത്തിയിരുന്നു. ഹൂതികൾ അയച്ച രണ്ട് ബാലിസ്റ്റിക് മിസൈലുകളും ആകാശത്തു വെച്ചു തന്നെ തകർക്കാൻ യു.എ.ഇ സേനക്കായി. ആക്രമണം നടന്ന് മണിക്കൂറിനകം യു.എ.ഇയുടെ എഫ് 16 പോർവിമാനം യെമനിൽ ഹൂത്തികളുടെ മിസൈൽ വിക്ഷേപണ സംവിധാനം തകർത്തു. ഇതോടെ യുദ്ധം കനക്കുമെന്ന ആശങ്ക ശക്തമായിട്ടുണ്ട്. ഹൂതികളുടെ മിസൈൽ ലോഞ്ചർ യു.എ.ഇ. പോർവിമാനം തകർക്കുന്നതിന്റെ ദൃശ്യങ്ങൾ പ്രതിരോധ സേന പുറത്തുവിടുകയും ചെയ്തു. സൗദി സഖ്യസേനയാവട്ടെ, ഇന്നലെ മാത്രം സൻഅ, മആരിബ് ഉൾപ്പെടെ യെമനിലെ 14 ഹൂതി കേന്ദ്രങ്ങളിലാണ് ബോംബ് വർഷിപ്പിച്ചത്.

ആക്രമണത്തിന് തുല്യനാണയത്തിൽ മറുപടി ഉറപ്പാണെന്ന് സൗദിയും യു.എ.ഇയും മുന്നറിയിപ്പ് നൽകി. ഹൂതികൾക്ക് ആയുധവും മറ്റും കൈമാറുന്ന ഇറാൻ നീക്കവും ഗൾഫ് രാജ്യങ്ങളുടെ കടുത്ത എതിർപ്പിനിടയാക്കിയിട്ടുണ്ട്. എന്നാൽ യെമൻ ജനതക്കൊപ്പമാണ് തങ്ങളെന്നും പ്രശ്‌ന പരിഹാരത്തിന് എന്തു നടപടി കൈക്കൊളളാനും ഒരുക്കമാണെന്നും ഇറാൻ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. അതിനിടെ സൗദിക്കും യു.എ.ഇക്കുമെതിരെയുള്ള തുടർച്ചയായ മിസൈൽ ആക്രമണം എണ്ണ വില വർധിക്കുന്നതിന് കാരണമായി. ഇന്നലെ മാത്രം നിരക്കിൽ ഒരു ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്. ഗൾഫ് ഓഹരി വിപണികൾക്കും ഇന്നലെ തിരിച്ചടിയുടെ ദിനമായിരുന്നു.

Full View

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News