ഗൾഫ് രാജ്യങ്ങളിൽ നാളെ ചെറിയപെരുന്നാൾ

യു.എ.ഇയിലും മറ്റും മലയാളി ഈദ് ഗാഹുകളും ഇത്തവണ സജ്ജമായിട്ടുണ്ട്

Update: 2022-05-01 18:32 GMT
Editor : Dibin Gopan | By : Web Desk
Advertising

ദുബൈ: ഗൾഫ് രാജ്യങ്ങളിൽ നാളെ ചെറിയ പെരുന്നാൾ. പോയവർഷങ്ങളെ അപേക്ഷിച്ച് കൂടുതൽ ഇളവുകൾ ലഭ്യമായ ഈദ് ആഘോഷത്തെ വരവേൽക്കാൻ വിശ്വാസി സമൂഹം തയാറെടുക്കുകയാണ്.യു.എ.ഇ ഉൾപ്പെടെ ഗൾഫ് രാജ്യങ്ങളിലെ എണ്ണമറ്റ ഈദ്ഗാഹുകളും പള്ളികളും വിശ്വാസികളെ സ്വീകരിക്കാൻ ഒരുങ്ങി.

സാമൂഹിക അകലം പാലിച്ചായിരിക്കും പള്ളികളിലും ഈദ്ഗാഹുകളിലും നമസ്‌കാരം നടക്കുക.മാസ്‌ക് ധരിക്കണമെന്ന നിർദേശം അധികൃതർ മുന്നോട്ടുവെച്ചു. മുൻവർഷത്തേക്കാൾ കൂടുതൽ ഈദ്ഗാഹുകളും ഇക്കുറി തയാറായിട്ടുണ്ട്. യു.എ.ഇയിലും മറ്റും മലയാളി ഈദ് ഗാഹുകളും ഇത്തവണ സജ്ജമായിട്ടുണ്ട്.

നാളെ സുബ്ഹി മുതൽ പള്ളികൾ തുറന്നിടും. പെരുന്നാൾ നമസ്‌കാരത്തിന് അരമണിക്കൂർ മുൻപ് തക്ബീർ ഉയർന്നു തുടങ്ങും. യു.എ.ഇയിൽ നമസ്‌കാരവും ഖുത്ബയും ചേർത്ത് 20 മിനിറ്റാണ് സമയം അനുവദിച്ചിരിക്കുന്നത്. കോവിഡ് കുറഞ്ഞെങ്കിലും മഹാമാരിക്കെതിരായ ജാഗ്രത കൈവിടാതെയാണ് ഇക്കുറിയും പെരുന്നാൾ സന്തോഷത്തിലേക്ക് പ്രവാസലോകം പ്രവേശിക്കുന്നത്.

വിപണിയിൽ വലിയ തിരക്കാണ് ഇത്തവണ അനുഭവപ്പെട്ടത്. എല്ലാ ഷോപ്പിങ് മാളുകളും നിറഞ്ഞു കവിഞ്ഞു. വസ്ത്രങ്ങൾ, പാദരക്ഷകൾ എന്നിവയുടെ കാര്യത്തിൽ വൻ വിറ്റുവരവാണ് ഉണ്ടായതെന്ന് വിവിധ റീട്ടെയിൽ വ്യാപാരികൾ അറിയിച്ചു.

യു.എ.ഇയിൽ പെരുന്നാൾ സന്തോഷങ്ങളുടെ പൊലിമ ലഭിക്കാത്ത കൂട്ടരാണ് ഡെലിവറി ജോലിക്കാർ. പെരുന്നാൾ ദിനത്തിലും ഇവർക്ക് തിരക്ക് തന്നെയാകും. എന്നാൽ ഗ്രോസറി, കഫറ്റീരിയ തുടങ്ങിയ സ്ഥാപനങ്ങളിലെ ജീവനക്കാരിൽ പലർക്കും പെരുന്നാളിന് അവധി ലഭിച്ചേക്കും. വർഷത്തിൽ രണ്ട് പെരുന്നാളിനാണ് ഇവരിൽ പലർക്കും അവധി കിട്ടാറുള്ളത്. ഇതിൽ തന്നെ പകുതി ദിവസം അവധി കിട്ടുന്നവരുമുണ്ട്. നാട്ടുകാരെയും ബന്ധുക്കളെയും നേരിൽ കാണാൻ ലഭിക്കുന്ന അസുലഭ അവസരം കൂടിയാണ് ഇവർക്ക് പെരുന്നാൾ.

Full View

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News