ചരിത്രം കുറിച്ച് 'ദുബൈ റൺ'; 2,78,000 പേർ പങ്കെടുത്തു

ദുബൈ ഫിറ്റ്‌നസ് ചലഞ്ചിന് സമാപനം

Update: 2024-11-24 16:57 GMT

ദുബൈ: ദുബൈ നഗരത്തിൽ ലക്ഷങ്ങൾ പങ്കെടുത്ത കൂട്ടയോട്ടം. 278000 പേരെ അണിനിരത്തി 'ദുബൈ റൺ' വീണ്ടും ചരിത്രം കുറിച്ചു. മണിക്കൂറിൽ പതിനായിരക്കണക്കിന് വാഹനങ്ങൾ കടുന്നുപോകുന്ന ശൈഖ് സായിദ് റോഡാണ് ദുബൈ റണിന്റെ ജോഗിങ് ട്രാക്കായി മാറിയത്. വ്യായാമത്തിന്റെ സന്ദേശം നൽകാൻ ഒരുമാസം നീണ്ടുനിന്ന ദുബൈ ഫിറ്റ്‌നസ് ചലഞ്ചിനും ഇതോടെ കൊടിയിറങ്ങി. വൻ സുരക്ഷാ സന്നോഹങ്ങളാണ് ദുബൈ റണ്ണിനായി പൊലീസ് ഒരുക്കിയത്.

ഒരു നഗരത്തിന്റെ ഹൃദയത്തിലൂടെ ഒരേ മനസ്സോടെ ഒഴുകുന്ന ലക്ഷക്കണക്കിന് മനുഷ്യർ. മുന്നിൽ നിന്ന് നയിക്കാൻ ആ നാടിന്റെ കിരീടാവകാശി. അവർക്ക് അഭിവാദ്യമർപ്പിച്ച് മാനത്ത് എയർക്രാഫ്റ്റുകളും പാരച്ചൂട്ടും പാരാഗൈഡർമാരും. ശൈഖ് സായിദ് റോഡ് മറ്റൊരു ചരിത്രത്തിനാണ് സാക്ഷിയായത്. ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്റെ നേതൃത്വത്തിൽ നടന്ന ഒരു മാസം നീണ്ട ദുബൈ ഫിറ്റ്‌നസ് ചലഞ്ചിന്റെ കൈമാക്‌സ് ഇവന്റാണ് ദുബൈ റൺ. ഇത്തവണ രണ്ടര ലക്ഷത്തിലധികം പേരാണ് റണ്ണിൽ പങ്കെടുത്തത്.

Advertising
Advertising

പത്തു കിലോമീറ്റർ, അഞ്ചു കിലോമീറ്റർ എന്നിങ്ങനെ രണ്ട് റൂട്ടുകളാണ് ഒരുക്കിയത്. അഞ്ചു കിലോമീറ്റർ റൂട്ട് ശൈഖ് സായിദ് റോഡിൽ മ്യൂസിയം ഓഫ് ഫ്യൂച്ചറിന് സമീപത്തു നിന്ന് ആരംഭിച്ച് ദുബൈ മാളിനടുത്ത് അവസാനിച്ചു. മ്യൂസിയം ഓഫ് ഫ്യൂച്ചറിന് അടുത്തു നിന്ന് ആരംഭിക്കുന്ന പത്തു കിലോമീറ്റർ റൂട്ട് ദുബൈ കനാൽ ബ്രിഡ്ജ് കടന്ന് ഡിഐഎഫ്‌സി ഗേറ്റിനടുത്തും സമാപിക്കുന്ന തരത്തിലായിരുന്നു ക്രമീകരണം.

ദുബൈ റണ്ണിനായി പുലർച്ചെ മുതൽ സർവ്വ സജ്ജമായിരുന്നു നഗരം. പുലർച്ചെ മൂന്ന് മുതൽ മെട്രോ സർവീസ് ആരംഭിച്ചു. അടിയന്തര മെഡിക്കൽ സൗകര്യം, വഴികാട്ടാനും സഹായത്തിനും വളണ്ടിയർമാർ അങ്ങനെ എല്ലാവിധ സൗകര്യങ്ങളും ശനിയാഴ്ച രാത്രിമുതൽ തന്നെ നഗരവീഥികളിൽ എത്തി. സുരക്ഷക്കായി ദുബൈ പൊലീസ് കൂടി അണിനിരന്നപ്പോൾ ഈ വർഷത്തെ ദുബൈ റണ്ണും ഏറ്റവും മികച്ചതായി മാറി. ദുബൈ റൺ എന്ന വിസ്മയത്തിന് സാക്ഷിയായി മാറുകയായിരുന്നു ദുബൈ എന്ന മഹാനഗരം.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News