സമ്മതമില്ലാതെ ഫോട്ടോയെടുത്ത് സ്‌നാപ്ചാറ്റിലിട്ടു; 25,000 ദിർഹം പിഴയിട്ട് അബൂദബി കോടതി
ആറ് മാസത്തേക്ക് ഇന്റർനെറ്റ് വിലക്ക്, സ്‌നാപ്ചാറ്റ് അക്കൗണ്ട് ഡിലീറ്റ് ചെയ്യണം
അബൂദബി: സമ്മതമില്ലാതെ മറ്റൊരാളുടെ ഫോട്ടോയെടുത്ത് സ്‌നാപ്ചാറ്റിലിട്ടയാൾക്ക് 25,000 ദിർഹം പിഴയിട്ട് അബൂദബി ഫാമിലി, സിവിൽ ആൻഡ് അഡ്മിനിസ്‌ട്രേറ്റീവ് കോടതി. 50,000 ദിർഹം നഷ്ടപരിഹാരവും കോടതി ഫീസും നൽകണമെന്ന് ആവശ്യപ്പെട്ടാണ് വാദി കോടതിയെ സമീപിച്ചിരുന്നത്. പ്രതിയുടെ നടപടി തനിക്ക് സാമ്പത്തികമായും വൈകാരികമായും ദോഷം വരുത്തിയെന്നും ജോലിസ്ഥലത്തും ബന്ധുക്കളുടെയും സമപ്രായക്കാരുടെയും ഇടയിലും അപമാനിതനാക്കിയെന്നും പറഞ്ഞു.
വാദിക്ക് ക്രിമിനൽ കോടതി വിധിച്ച 20,000 ദിർഹമിന് പുറമേ ധാർമിക നഷ്ടപരിഹാരമായി 5,000 ദിർഹവും കോടതി വിധിക്കുകയായിരുന്നു. പ്രതിയോട് സ്‌നാപ്ചാറ്റ് അക്കൗണ്ട് ഡിലീറ്റ് ചെയ്യാനും ഉത്തരവിട്ടു. ആറ് മാസത്തേക്ക് ഇന്റർനെറ്റ് ഉപയോഗിക്കുന്നതിൽ നിന്ന് വിലക്കുകയും ചെയ്തു. പ്രതിയുടെ പ്രവൃത്തി സാമ്പത്തിക നഷ്ടത്തിന് കാരണമായെന്നതിന് മതിയായ തെളിവുകൾ ഇല്ലെന്ന് പറഞ്ഞ കോടതി സാമ്പത്തിക നഷ്ടപരിഹാര അവകാശവാദം തള്ളി.