വിമാനത്താവളത്തിലെ ഹൂതി ആക്രമണം: ഇസ്രായേലിലേക്കുള്ള എയർ ഇന്ത്യ വിമാനം അബൂദബിയിലിറക്കി

ന്യൂഡൽഹിയിൽ നിന്ന് ടെൽ അവീവിലേക്കുള്ള ബോയിങ് വിമാനമാണ് അടിയന്തരമായി അബൂദബി വിമാനത്താവളത്തിൽ ഇറക്കിയത്

Update: 2025-05-04 16:41 GMT

ദുബൈ: ബെൻ ഗുരിയോൺ വിമാനത്താവളം ആക്രമിക്കപ്പെട്ടതിന് പിന്നാലെ ഇസ്രായേലിലേക്കുള്ള എയർ ഇന്ത്യ വിമാനം വഴി തിരിച്ചുവിട്ടു. ടെൽ അവീവിൽ ഇറങ്ങേണ്ട വിമാനം അബൂദബിയിലാണ് ലാൻഡ് ചെയ്തത്. ഇന്നു രാവിലെയായിരുന്നു ഇസ്രായേൽ വിമാനത്താവളത്തിനു നേരെ ഹൂതികൾ ആക്രമണം നടത്തിയത്.

ന്യൂഡൽഹിയിൽ നിന്ന് ടെൽ അവീവിലേക്കുള്ള എഐ-139 നമ്പർ ബോയിങ് വിമാനമാണ് അടിയന്തരമായി അബൂദബി വിമാനത്താവളത്തിൽ ഇറക്കിയത്. ഹൂതികളുടെ വ്യോമാക്രമണം നടക്കുന്ന സമയത്ത് ജോർദാൻ വ്യോമപാതയിലാണ് വിമാനമുണ്ടായിരുന്നത്. വിമാനം ഇറങ്ങാൻ നിശ്ചയിച്ച സമയത്തിന് ഒരു മണിക്കൂർ മുമ്പാണ് ഗുരിയോൺ ആക്രമിക്കപ്പെട്ടത്. അടിയന്തര സന്ദേശത്തിന് പിന്നാലെ വിമാനം അബൂദബിയിലേക്ക് വഴി തിരിച്ചുവിടുകയായിരുന്നു. വിമാനം ഉടൻ ഡൽഹിയിലേക്ക് തിരിക്കുമെന്ന് എയർ ഇന്ത്യ അറിയിച്ചു.

Advertising
Advertising

ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ചൊവ്വാഴ്ച വരെ ടെൽ അവീവിലേക്കുള്ള സർവീസുകൾ എയർ ഇന്ത്യ അടിയന്തരമായി റദ്ദാക്കി. ഈ ദിവസങ്ങളിൽ ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർക്ക് യാത്ര റീ ഷെഡ്യൂൾ ചെയ്യാനോ ടിക്കറ്റ് റദ്ദാക്കാനോ ഉള്ള അവസരമൊരുക്കും. ഉപഭോക്താക്കളുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനാണ് മുൻഗണന എന്നും വിമാനക്കമ്പനി വ്യക്തമാക്കി.

എയർ ഇന്ത്യക്ക് പുറമേ, ഗുരിയോൺ വിമാനത്താവളത്തിലേക്ക് സർവീസ് നടത്തിയ നിരവധി വിമാനങ്ങളാണ് പലയിടങ്ങളിലേക്കും വഴി തിരിച്ചുവിട്ടത്. താൽക്കാലികമായി അടച്ചിട്ട വിമാനത്താവളത്തിന്റെ പ്രവർത്തനം പിന്നീട് പുനരാരംഭിച്ചു. ലുഫ്താൻസ, ബ്രിട്ടീഷ് എയർവേയ്‌സ്, വിസ് എയർ തുടങ്ങിയ നിരവധി കമ്പനികൾ ഇവിടേക്കുള്ള സർവീസ് ചൊവ്വാഴ്ച വരെ നിർത്തിവച്ചിട്ടുണ്ട്. യുഎസ് വിമാനക്കമ്പനിയായ യുണൈറ്റഡ് മെയ് എട്ടു വരെ സർവീസ് നടത്തില്ല.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News