വേനൽ അവസാനിക്കുന്നു...; യുഎഇയിൽ നാളെ മുതൽ ഔദ്യോഗിക ശരത്കാലം
നവംബർ തുടക്കത്തോടെ താപനില 31°C മുതൽ 18°C വരെയായി കുറയും
ദുബൈ: യുഎഇയിൽ വേനൽക്കാലം അവസാനിച്ച് നാളെ ശരത്കാലത്തിന് ഔദ്യോഗിക തുടക്കമാകും. നാളെ പുലർച്ചെ 4:05-നാണ് പുതിയ സീസണിന്റെ ആരംഭമെന്ന് എമിറേറ്റ്സ് ആസ്ട്രോണമിക്കൽ സൊസൈറ്റി അറിയിച്ചു. ഈ സമയത്ത് കിഴക്കൻ ആകാശത്ത് തണുപ്പിന്റെ വരവറിയിക്കുന്ന പ്രമുഖ നക്ഷത്രങ്ങൾ വ്യക്തമായി കാണാനും സാധിക്കും. ശരത്കാലത്തിന്റെ തുടക്കത്തിലെ അപൂർവ പ്രതിഭാസമായ രാവും പകലും തുല്യമായി വരുന്ന ഇക്വിനോക്സ് നാളെയാണ്. അതിനുശേഷമുള്ള ദിവസങ്ങളിൽ രാത്രിയുടെ ദൈർഘ്യം വർധിച്ചുവരും.
സീസണിന്റെ ആദ്യഘട്ടത്തിൽ 39°C മുതൽ 26°C വരെയായിരിക്കുന്ന താപനില, നവംബർ തുടക്കത്തോടെ 31°C മുതൽ 18°C വരെയായി കുറയും. ഡിസംബർ 22-ന് മഞ്ഞുകാലം എത്തുന്നതോടെ താപനില 13°C വരെ താഴാനും സാധ്യതയുണ്ട്. ഈ സീസണിന്റെ ആദ്യ പകുതിയിൽ അന്തരീക്ഷ ഈർപ്പം കൂടുതലായിരിക്കുമെന്നതിനാൽ രാവിലെ മൂടൽമഞ്ഞ് അനുഭവപ്പെടാം. ഒക്ടോബർ പകുതി കഴിയുന്നതോടെ മഞ്ഞുകാല മേഘങ്ങൾ എത്തുകയും മഴ ലഭിക്കാനുള്ള സാധ്യത കൂടുകയും ചെയ്യും. അറേബ്യൻ മേഖലയിൽ പുതിയ തൈകളും വിത്തുകളും നടാൻ ഏറ്റവും അനുയോജ്യമായ സമയമാണ് ശരത്കാലത്തിന്റെ തുടക്കം.