ഡ്രൈവറില്ലാ കാറുകൾ, ദുബൈയിൽ പരീക്ഷണയോട്ടം ആരംഭിക്കാൻ ബൈദു

കാറുകളുടെ മുഴുസമയ സർവീസ് അടുത്ത വർഷം ആരംഭിക്കും

Update: 2025-04-20 16:23 GMT
Editor : razinabdulazeez | By : Web Desk

ദുബൈ: ദുബൈയിൽ ഡ്രൈവറില്ലാ കാറുകളുടെ പരീക്ഷണയോട്ടം ഉടൻ ആരംഭിക്കും. ഇതുമായി ബന്ധപ്പെട്ട് ചൈനീസ് കമ്പനി ബൈദുവുമായി ദുബൈ റോഡ് ഗതാഗത അതോറിറ്റി ധാരണാപത്രം ഒപ്പുവച്ചു. കാറുകളുടെ മുഴുസമയ സർവീസ് അടുത്ത വർഷം ആരംഭിക്കും.

പരീക്ഷണാടിസ്ഥാനത്തിൽ അമ്പത് കാറുകളാണ് നിരത്തിലിറക്കുക. മൂന്നു വർഷം കൊണ്ട് സർവീസ് നടത്തുന്ന കാറുകളുടെ എണ്ണം ആയിരത്തിലെത്തിക്കും. ആർടിഎ ഡയറക്ടർ ജനറൽ മതാർ അൽ തായർ, ബൈദു ഓവർസീസ് ബിസിനസ് മാനേജർ ഹാൽട്ടൻ നിയു എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ധാരണാപത്രം. കരാർ പ്രകാരം ആർടി സിക്സ് എന്ന ഏറ്റവും പുതിയ ഓട്ടോണമസ് വാഹനങ്ങളാണ് അപ്പോളോ ഗോ പരീക്ഷണത്തിനായി ഉപയോഗിക്കുന്നത്. ഏറ്റവും ഉയർന്ന നിലവാരത്തിലുള്ള സുരക്ഷ ഉറപ്പുനൽകുന്ന നാൽപത് സെൻസറുകളാണ് വാഹനത്തിന്റെ പ്രത്യേകത.

Advertising
Advertising

ഡ്രൈവറില്ലാ യാത്രയിൽ 150 ദശലക്ഷം കിലോമീറ്ററിന്റെ അനുഭവസമ്പത്തുള്ള സ്ഥാപനമാണ് ബൈദു. ചൈനയിലും ഹോങ്കോങ്ങിലുമാണ് നിലവിൽ കമ്പനി സർവീസ് നടത്തുന്നത്. ചൈനീസ് കമ്പനിയുടെ ആദ്യത്തെ അന്താരാഷ്ട്ര കരാർ കൂടിയാണ് ദുബൈയിലേത്.

ഡ്രൈവർലസ് സാങ്കേതികവിദ്യയുടെ സഹകരണത്തിനായി ഫെബ്രുവരി ആദ്യ വാരത്തിൽ ഉബർ, വി റൈഡ്, ബൈദു എന്നീ കമ്പനികളുമായുള്ള കരാർ ആർടിഎ വിപുലപ്പെടുത്തിയിരുന്നു. 2030ടെ നഗരത്തിലെ ടാക്സികളിൽ 25 ശതമാനവും ഡ്രൈവറില്ലാ വാഹനങ്ങളാക്കുകയാണ് ആർടിഎയുടെ ലക്ഷ്യം. നിലവിൽ ക്രൂയിസ് കമ്പനിയുമായി സഹകരിച്ച് ജുമൈറയിലെ ഇത്തിഹാദ് മ്യൂസിയം മുതൽ ദുബൈ വാട്ടർ കനാൽ വരെ എട്ടു കിലോമീറ്റർ ദൂരത്തിൽ ഡ്രൈവർലസ് ടാക്സികളുടെ പരീക്ഷണയോട്ടം നടന്നുവരുന്നുണ്ട്. 

Tags:    

Writer - razinabdulazeez

contributor

razinab@321

Editor - razinabdulazeez

contributor

razinab@321

By - Web Desk

contributor

Similar News