Writer - razinabdulazeez
razinab@321
ദുബൈ: മികച്ചതും മോശവും; യുഎഇ ഗവണ്മെന്റ് വകുപ്പുകളുടെ പട്ടിക പുറത്ത്. നീതിന്യായ മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം, ഊർജ, അടിസ്ഥാന സൗകര്യ മന്ത്രാലയം എന്നീ വകുപ്പുകളാണ് പ്രവർത്തന മികവിൽ ആദ്യമൂന്നു സ്ഥാനങ്ങളിലെത്തിയ ഗവണ്മെന്റ് ഡിപാർട്മെന്റുകൾ. എമിറേറ്റ്സ് പോസ്റ്റ്, പെൻഷൻസ് അതോറിറ്റി, കായിക മന്ത്രാലയം എന്നിവ ഏറ്റവും മോശം വകുപ്പുകളായി പട്ടികയിൽ ഇടംപിടിച്ചു.
കഴിഞ്ഞ വർഷത്തെ പ്രവർത്തനത്തിന്റെ അടിസ്ഥാനത്തിലാണ് പട്ടിക തയ്യാറാക്കിയത്. ബ്യൂറോക്രസി ഇല്ലാതാക്കുന്നതിന്റെ ഭാഗമായി, 2023 മുതലാണ് മികച്ച സ്ഥാപനങ്ങളുടെയും മോശം വകുപ്പുകളുടെയും പട്ടിക ഗവണ്മെന്റ് പുറത്തുവിടുന്നത്. ഉദ്യോഗസ്ഥ നടപടിക്രമങ്ങൾ ഇല്ലാതാക്കി ജനങ്ങൾക്ക് വേഗത്തിൽ സേവനം ലഭ്യമാക്കുന്ന വകുപ്പുകളെയാണ് ആദ്യസ്ഥാനങ്ങളിൽ പരിഗണിക്കുക.
ബ്യൂറോക്രസിയോട് പോരാടുന്നതിൽ, ആദ്യ മൂന്ന് സ്ഥാനത്തെത്തിയ വകുപ്പുകൾ ഗംഭീരമായ ശ്രമങ്ങൾ നടത്തിയതായി ശൈഖ് മുഹമ്മദ് പറഞ്ഞു. ധീരവും അതിവേഗവുമായ തീരുമാനങ്ങളിലൂടെ മോശം വകുപ്പുകൾക്ക് മികച്ച പ്രകടനം നടത്താനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സർക്കാർ സ്ഥാപനങ്ങളുടെ പ്രകടന അവലോകനം നേരത്തെയും ഗവണ്മെന്റ് പരസ്യമായി പ്രഖ്യാപിക്കുകയും മോശം പ്രകടനം കാഴ്ചവച്ചവരെ വിമർശിക്കുകയും ചെയ്തിരുന്നു.
2023ൽ ഏറ്റവും മോശം സേവന കേന്ദ്രങ്ങളുടെ പട്ടികയിൽ ഏറ്റവും താഴെയായി സ്ഥാനംപിടിച്ച ഒരു ആശുപത്രിയുടെ ഡയറക്ടറെ ഗവണ്മെന്റ് മാറ്റിയിരുന്നു. 2020 മുതൽ സർക്കാർ വകുപ്പുകളുടെ സേവനങ്ങളെ കുറിച്ച് പൊതുജനങ്ങൾക്ക് അഭിപ്രായം അറിയിക്കാനായി യുഎഇ മിസ്റ്ററി ഷോപ്പർ എന്ന ആപ്പും രാജ്യത്ത് പ്രവർത്തിക്കുന്നുണ്ട്.