ദുബൈയിൽ റോഡ് ചുങ്കം സംവിധാനമായ സാലിക്കിൻ്റെ നിരക്കിൽ മാറ്റം

അടുത്തവർഷം മുതൽ എല്ലാ ദിവസവും രാത്രി ഒന്ന് മുതൽ പുലർച്ചെ ആറുവരെ റോഡ് ചുങ്കം ഈടാക്കില്ല

Update: 2024-11-28 17:40 GMT

ദുബൈയിലെ റോഡ് ചുങ്കം സംവിധാനമായ സാലിക്കിന്റെ നിരക്ക് മാറുന്നു. അടുത്തവർഷം ജനുവരി മുതൽ എല്ലാ ദിവസവും അർധരാത്രിക്ക് ശേഷം റോഡ് ചുങ്കം സൗജന്യമാകും. എന്നാൽ, തിരക്കേറിയ സമയങ്ങളിൽ സാലിക്ക് നിരക്ക് ആറ് ദിർഹമായി ഉയരും. നിലവിൽ എല്ലാ സമയത്തും നാല് ദിർഹമാണ് ഈടാക്കുന്നത്.

എല്ലാ ദിവസവും രാത്രി ഒന്ന് മുതൽ പുലർച്ചെ ആറുവരെയാണ് ദുബൈയിൽ സാലിക്ക് നിരക്ക് സൗജന്യമാവുക. എന്നാൽ, പ്രവർത്തിദിവസങ്ങളിൽ തിരക്ക് വർധിക്കുന്ന സമയങ്ങളായ രാവിലെ ആറ് മുതൽ പത്ത് വരെയും, വൈകീട്ട് നാല് മുതൽ രാത്രി എട്ട് വരെയും ടോൾ ഗേറ്റ് കടന്നുപോകാൻ ആറ് ദിർഹം നൽകേണ്ടി വരും. തിരക്കില്ലാത്ത സമയങ്ങളിൽ നിലവിലെ നിരക്കായ നാല് ദിർഹം നൽകിയാൽ മതി. പൊതുഅവധിയല്ലാത്ത ഞായറാഴ്ചകളിൽ നാലുദിർഹമായിരിക്കും സാലിക്ക് നിരക്ക്.

Advertising
Advertising

മറ്റ് പൊതുഅവധികൾ, പ്രധാനപരിപാടി നടക്കുന്ന ദിവസങ്ങൾ എന്നിവയിൽ എല്ലാസമയത്തും നാല് ദിർഹം സാലിക്ക് ഈടാക്കാനാണ് ആർ.ടി.എയുടെ തീരുമാനം. മാർച്ച് മുതൽ പാർക്കിങ് സംവിധാനത്തിലും സമാനമായ നിരക്ക് മാറ്റമുണ്ടാകും. തിരക്കേറിയ സമയങ്ങളിൽ പ്രീമിയം പാർക്കിങ് കേന്ദ്രങ്ങളിൽ മണിക്കൂറിന് ആറുദിർഹമായും, മറ്റിടങ്ങൾ നാല് ദിർഹമായും പാർക്കിങ് നിരക്ക് ഉയരും. വേൾഡ് ട്രേഡ് സെന്റർ ഉൾപ്പെടെ പ്രധാനപരിപാടികൾ നടക്കുന്ന മേഖലയിലെ പാർക്കിങ് സോണുകളിൽ തിരക്കേറുന്ന സമയത്ത് മണിക്കൂറിൽ 25 ദിർഹമായും പാർക്കിങ് നിരക്ക് ഉയരും.


Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News