ദുബൈയിൽ ജോബി ഏരിയൽ ടാക്സി പരീക്ഷണപറക്കൽ വിജയകരം
ഗൾഫ് മേഖലയിൽ ആദ്യമായാണ് ഇലക്ട്രിക് എയർടാക്‌സിയായ ജോബി ഏവിയേഷന്റെ പരീക്ഷണ പറക്കൽ നടക്കുന്നത്
ദുബൈ: ദുബൈയിൽ ജോബി ഏവിയേഷന്റെ എയർടാക്‌സി വിജയകരമായി പരീക്ഷണപറക്കൽ പൂർത്തിയാക്കി. ഗൾഫ് മേഖലയിൽ ആദ്യമായാണ് ഇലക്ട്രിക് എയർടാക്‌സിയായ ജോബി ഏവിയേഷന്റെ പരീക്ഷണ പറക്കൽ നടക്കുന്നത്. ദുബൈ-അൽഐൻ റോഡിലെ മാർഗമിൽ ജെറ്റ്മാൻ ഹെലിപാഡിലാണ് 'ജോബി' എയർടാക്‌സിയുടെ വിജയപറക്കൽ. ദുബൈ റോഡ് ട്രാൻസ്‌പോർട്ട് അതോറ്റിറ്റിയുടെ മേൽനോട്ടത്തിലായിരുന്നു പരീക്ഷണം.
പരീക്ഷണ കേന്ദ്രത്തിനും ചുറ്റുമുള്ള മരുഭൂമിക്കും മുകളിലൂടെ ടാക്‌സി കടന്നുപോയ ശേഷം വിജയകരമായി ലാൻഡ് ചെയ്തു. ഹെലികോപ്ടർ പോലെ കുത്തനെ പറന്ന് പൊങ്ങാനും ലാൻഡ് ചെയ്യാനും കഴിയുന്ന ജോബി എയർടാക്‌സികൾ ഹെലികോപ്ടറിനേക്കാൾ കുറഞ്ഞ ശബ്ദം മാത്രമേ പുറപ്പെടുവിക്കൂ. പൈലറ്റടക്കം അഞ്ച് പേർക്ക് യാത്രചെയ്യാം. മണിക്കൂറിൽ 320 കിലോമീറ്ററാണ് പരമാവധി വേഗം.
പൂർണമായും ബാറ്ററിയിൽ പറക്കുന്ന ഈ എയർടാക്‌സിയിൽ ആറ് പ്രൊപ്പല്ലറുകളും നാല് ബാറ്ററി പാക്കുകളുമുണ്ട്. ഒരിക്കൽ റീചാർജ് ചെയ്താൽ 160 കീലോമീറ്റർ പറക്കാം. ദുബൈ വിമാനത്താവളത്തിൽ നിന്ന് പാം ജുമൈറയിലേക്ക് 12 മിനിറ്റു കൊണ്ട് പറന്നെത്താം. കാറിൽ ഈ യാത്രക്ക് 45 മിനിറ്റ് സമയമെടുക്കും.