റമദാനിൽ സുപ്രധാന സമയമാറ്റങ്ങളുമായി ആർ.ടി.എ

ആർ.ടി.എയുടെ ബസ് സ്റ്റേഷനുകൾ രാവിലെ 6 മുതൽ പുലർച്ചെ 1 മണിവരെയാണ് പ്രവർത്തിക്കുക

Update: 2023-03-22 07:52 GMT
Advertising

മറ്റു ഗൾഫ് രാജ്യങ്ങളെ പോലെ നാളെ മുതലാണ് യു.എ.ഇയിലും റമദാൻ വ്രതം ആരംഭിക്കുന്നത്. രാജ്യത്തെ ഓഫിസുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളുമടക്കം തങ്ങളുടെ പ്രവർത്തന സമയങ്ങളിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്നിരിക്കുകയാണ്. ദുബൈ ആർ.ടി.എയും മെട്രോയടക്കമുള്ള വിവിധ പൊതു ഗതാഗത സംവിധാനങ്ങളുടെ പ്രവർത്തന സമയം റമദാനിനായി പ്രത്യേകം സജ്ജീകരിച്ചിട്ടുണ്ട്.

ഈ മാസം ദുബൈ നഗരത്തിൽ തിങ്കൾ മുതൽ ശനി വരെ രാവിലെ 8 മുതൽ വൈകിട്ട് 6 വരെയാണ് ആർ.ടി.എയുടെ പണമടച്ചുള്ള പാർക്കിങ് സംവിധാനം നടപ്പിലാക്കുക. അതിനു ശേഷം രാത്രി 8 മുതൽ അർദ്ധരാത്രി 12 വരെയും പാർക്കിങ്ങിനായി വാഹന ഉടമകൾ പണമടക്കേണ്ടി വരും. മൾട്ടി ലെവൽ പാർക്കിങ് ടെർമിനലുകൾ 24 മണിക്കൂറും പ്രവർത്തിക്കും.

മെട്രോ സർവിസുകൾ തിങ്കൾ മുതൽ വ്യാഴം വരെ പുലർച്ചെ 5 മുതൽ അർദ്ധരാത്രി 12 വരെയും സർവിസ് വെള്ളിയാഴ്ചകളിൽ രാവിലെ 5 മുതൽ പുലർച്ചെ ഒരു മണിവരെയും ശനിയാഴ്ച രാവിലെ 5 മുതൽ അർദ്ധരാത്രി 12 വരെയും ഞായറാഴ്ചകളിൽ രാവിലെ 8 മുതൽ അർദ്ധരാത്രി 12 വരെയുമാണ് മെട്രോയുടെ ഇരു ലൈനുകളിലും സർവിസ് നടത്തുക.

ദുബൈ ട്രാം സർവിസുകൾ തിങ്കൾ മുതൽ ശനി വരെ രാവിലെ 6 മുതൽ പുലർച്ചെ ഒരു മണി വരെയാണ് പ്രവർത്തിക്കുക. ഞായറാഴ്ചകളിൽ രാവിലെ 9 മുതൽ പുലർച്ചെ ഒരു മണി വരെയും പ്രവർത്തിക്കും. ആർ.ടി.എയുടെ ബസ് സ്റ്റേഷനുകൾ രാവിലെ 6 മുതൽ പുലർച്ചെ 1 മണിവരെയാണ് പ്രവർത്തിക്കുക.

ആർ.ടി.എയുടെ ഉപഭോക്തൃ സേവന കേന്ദ്രങ്ങൾ തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 9 മുതൽ വൈകിട്ട് 5 വരെയും, വെള്ളിയാഴ്ചകളിൽ രാവിലെ 9 മുതൽ 12 വരെയും തുറന്ന് പ്രവർത്തിക്കും.

ഉം റമൂൽ, അൽ മനാറ, ദേര, അൽ ബർഷ, ആർ.ടി.എ ഹെഡ് ഓഫീസ് എന്നിവിടങ്ങളിലെ സ്മാർട്ട് കസ്റ്റമർ ഹാപ്പിനെസ് സെന്ററുകൾ സാധാരണപോലെ 24 മണിക്കൂറും തുറന്ന് പ്രവർത്തിക്കുമെന്നും ആർ.ടി.എ അറിയിച്ചിട്ടുണ്ട്.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News