ഇത്തിഹാദ് റെയിൽ: ആദ്യ പാസഞ്ചർ റൂട്ട് അബൂദബി, ദുബൈ, ഫുജൈറ എമിറേറ്റുകൾക്കിടയിൽ
സർവീസ് 2026 ൽ ആരംഭിക്കുമെന്നാണ് പ്രതീക്ഷ
ദുബൈ: ഇത്തിഹാദ് റെയിലിലെ ആദ്യ പാസഞ്ചർ റൂട്ട് അബൂദബി, ദുബൈ, ഫുജൈറ എമിറേറ്റുകൾക്കിടയിൽ. രാജ്യത്തെ പ്രധാന വാണിജ്യ കേന്ദ്രങ്ങളായ ദുബൈ, അബൂദബി എന്നിവയെ കിഴക്കൻ തീരത്തെ ഫുജൈറയുമായി ബന്ധിപ്പിക്കുന്നതാകും ഉദ്ഘാടന ഘട്ടം. പാസഞ്ചർ സർവീസുകൾ 2026 ൽ ആരംഭിക്കുമെന്നാണ് പ്രതീക്ഷ. തുടർന്ന് കൂടുതൽ റൂട്ടുകളും സ്റ്റേഷനുകളും ഉണ്ടാകും.
ഇത്തിഹാദ് റെയിൽ മൊബിലിറ്റിയുടെ ഡെപ്യൂട്ടി ചീഫ് എക്‌സിക്യൂട്ടീവ് അസ്സ അൽ സുവൈദിയാണ് ഇക്കാര്യം ഒരു മാധ്യമത്തോട് പറഞ്ഞത്. തുടക്കത്തിൽ അബൂദബിക്കും ദുബൈക്കും ഇടയിൽ ട്രെയിനുകൾ സർവീസ് നടത്തുമെന്നും അവ നമ്മുടെ ഇരട്ട വാണിജ്യ കേന്ദ്രങ്ങളാണെന്നും കൂടാതെ കിഴക്കൻ ഭാഗത്തുള്ള ഫുജൈറയുമായി ബന്ധിപ്പിക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. 2026 ലും അതിനുശേഷവും കൂടുതൽ റൂട്ടുകളും കണക്ഷനുകളും സ്റ്റേഷനുകളും വരുമെന്നും വലിയ ഡിമാൻഡ് തങ്ങൾ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
അബൂദബിക്കും ദുബൈക്കും ഇടയിൽ ഏകദേശം ഒരു മണിക്കൂറും അബൂദബിക്കും ഫുജൈറക്കും ഇടയിൽ ഏകദേശം 90 മിനിറ്റുമാണ് യാത്രാ സമയം പ്രതീക്ഷിക്കുന്നത്. അന്തിമ ടൈംടേബിളുകൾ തയ്യാറാക്കികൊണ്ടിരിക്കുകയാണ്. മണിക്കൂറിൽ 200 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിക്കുന്നതാകും ട്രെയിനുകൾ. 400 യാത്രക്കാരെ വഹിക്കുകയും ചെയ്യും.
ജനസംഖ്യാ വളർച്ചയും ഹൈവേ ശൃംഖലയുടെ ഉപയോഗവുമാണ് ആദ്യ റൂട്ടുകൾ തിരഞ്ഞെടുക്കുന്നതിന് പിന്നിലെ പ്രധാന ഘടകങ്ങളെന്ന് ഇത്തിഹാദ് റെയിൽ പറയുന്നു. ജനസാന്ദ്രത, യാത്രാ ആവശ്യം, ഇന്റർ-എമിറേറ്റ് കണക്റ്റിവിറ്റി എന്നിവയുടെ അടിസ്ഥാനത്തിലാണ് സ്റ്റേഷൻ സ്ഥലങ്ങൾ തിരഞ്ഞെടുത്തത്.