ഇസ്‌ലാം സ്വീകരിച്ച് ദിവസങ്ങൾക്കകം മരിച്ചു; യുക്രൈൻ യുവതിക്കായി പ്രാർത്ഥിക്കാൻ നൂറു കണക്കിന് പേരെത്തി

റമദാനിൽ മുസ്‌ലിമായ അവർ മരിക്കുമ്പോൾ നോമ്പുകാരിയായിരുന്നുവെന്നും റിപ്പോർട്ടുകളിൽ പറയുന്നു

Update: 2024-04-01 06:48 GMT

ദുബൈ: ഇസ്‌ലാം സ്വീകരിച്ച് ദിവസങ്ങൾക്കകം മരിച്ച ദുബായിലെ പ്രവാസിയായ യുക്രൈൻ യുവതിക്കായി പ്രാർത്ഥിക്കാൻ നൂറുകണക്കിന് പേരെത്തി. മാർച്ച് 25ന് ഇസ്‌ലാം മതം സ്വീകരിച്ച ഡാരിയ കോട്‌സരെങ്കോ (29) വെള്ളിയാഴ്ചയാണ് ദുബായിൽ അന്തരിച്ചത്. ഹൃദയാഘാതം മൂലമാണ് പെട്ടെന്നുള്ള മരണമെന്നാണ് നിഗമനം. വിനോദസഞ്ചാരിയായി യുഎഇയിൽ എത്തിയ ഡാരിയ ഒടുവിൽ ജോലി അന്വേഷിക്കാൻ തുടങ്ങിയെന്നും അതിനിടെ ഇസ്ലാമിന്റെ സന്ദേശം തിരിച്ചറിയുകയായിരുന്നുവെന്നാണ് സമൂഹ മാധ്യമങ്ങളിൽ പലരും ചൂണ്ടിക്കാട്ടുന്നത്. റമദാനിൽ മുസ്‌ലിമായ അവർ മരിക്കുമ്പോൾ നോമ്പുകാരിയായിരുന്നുവെന്നും റിപ്പോർട്ടുകളിൽ പറയുന്നു.

Advertising
Advertising

 

മൂന്ന് വർഷം മുമ്പാണ് ഡാരിയ ആദ്യമായി ദുബായ് സന്ദർശിച്ചതെന്നും പ്രാദേശത്തെ സംസ്‌കാരത്തിലും മതത്തിലും ജിജ്ഞാസ പ്രകടിപ്പിക്കുകയും കൂടുതൽ പഠിക്കുകയും ചെയ്തുവെന്നുമാണ് ദുബായ് ഇമാമും ഇസ്‌ലാമിക കണ്ടൻറ് ക്രിയേറ്ററുമായ ഫാരിസ് അൽ ഹമ്മദി അഭിപ്രായപ്പെടുന്നത്. ശേഷം മറ്റ് രാജ്യങ്ങൾ കൂടി സന്ദർശിച്ച ഡാരിയ ഇസ്‌ലാം സ്വീകരിക്കുകയായിരുന്നു.

'ഇസ്‌ലാം ആശ്ലേഷിക്കുന്നതിന് മുമ്പുതന്നെ, ഡാരിയ എളിമയുള്ളവളും യാതൊരു ഹറാം ബന്ധങ്ങളും ഇല്ലാതെ സദ്ഗുണ ജീവിതം നയിക്കുന്നവളുമായിരുന്നു, മാന്യമായി വസ്ത്രം ധരിച്ചു. മദ്യവും മറ്റ് നിരോധിത കാര്യങ്ങളും ഉപേക്ഷിച്ചു' മോട്ടിവേഷണൽ സ്പീക്കർ ഫാരിസ് അൽ ഹമ്മദി പങ്കുവെച്ചു.

കുടുംബമോ ബന്ധുക്കളോ യു.എ.ഇയിൽ ഇല്ലായിരുന്നുവെങ്കിലും ഡാരിയയുടെ ഖബറടക്കത്തിന് നൂറുകണക്കിന് ആളുകൾ - എമിറാത്തികളും പ്രവാസികളും - ദുബായിലെ അൽ ഖുസൈസ് ഖബർസ്ഥാനിലെത്തി.

ഡാരിയയുടെ വിയോഗവാർത്ത പുറത്തുവന്നതോടെ അനുശോചനമറിയിച്ച് നിരവധി പേർ രംഗത്തെത്തി. ഇസ്‌ലാം മതം സ്വീകരിച്ചതിന് തൊട്ടുപിന്നാലെ അനുഗ്രഹീതമായ റമദാൻ മാസത്തിൽ അന്തരിച്ചത് അവർക്ക് ലഭിച്ച അനുഗ്രഹമായാണ് പലരും കണ്ടത്.

'ദൈവമേ, 29 വയസ്സുള്ളപ്പോൾ ഇസ്‌ലാം മതം സ്വീകരിച്ച ശേഷം അവർ മരിച്ചു. ദൈവത്തിന്റെ അടുത്തേക്ക് പോയി, അവരുടെ ഏട് വിശുദ്ധമായിരുന്നു' ഒരാൾ എക്‌സിൽ കുറിച്ചു.

വെള്ളിയാഴ്ച ഡാരിയയുടെ ജനാസ നമസ്‌കാരത്തിന് അൽ ഖുസൈസ് പള്ളിയിൽ നിരവധി എമിറാത്തികളും പ്രവാസികളും എത്തിയിരുന്നു. ഡാരിയയുടെ കഥ പലരെയും സ്പർശിച്ചതാണ് വെള്ളിയാഴ്ച നടന്ന പ്രാർത്ഥനയിൽ വൻ ജനക്കൂട്ടത്തെയെത്തിച്ചത്.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News