യു.എ.ഇയിൽ ഏതൊക്കെ എമിറേറ്റുകളിലാണ്, ആർക്കൊക്കെയാണ് ട്രാഫിക് പിഴയിൽ ഇളവുകൾ ലഭിക്കുക..?

Update: 2022-11-22 14:38 GMT
Advertising

പ്രത്യേക ആഘോഷങ്ങളും സന്തോഷ ദിനങ്ങളും വരുമ്പോൾ തങ്ങളുടെ നാട്ടിലെ താമസക്കാർക്ക് സന്തോഷവും ആശ്വാസവും നൽകുന്ന എന്തെങ്കിലുമൊക്കെ ചെയ്യുകയെന്നത് അറേബ്യൻ രാജ്യങ്ങളിലെ അധികാരികളുടെ ഒരു പതിവാണ്.

തടവു പുള്ളികൾക്ക് മോചനവും ശിക്ഷാ ഇളവുകളുമൊക്കെയാണ് സാധാരണ നൽകാറുള്ളത്.യു.എ.ഇ തങ്ങളുടെ ദേശീയ ദിനാഘോഷങ്ങളിലേക്ക് കടക്കുമ്പോഴും അധികാരികൾ പതിവുപോലെ അത്തരം ഇളവുകൾ പ്രഖ്യാപിക്കുകയാണ്.

ട്രാഫിക് പിഴകളിൽ 50% ഇളവുകളാണ് ചില എമിറേറ്റുകൾ നിലവിൽ പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെ പിഴ അടയ്ക്കുന്നവർക്ക് പ്രത്യേക ഇളവുകളാണ് മറ്റൊരു എമിറേറ്റ് പ്രഖ്യാപിച്ചിരിക്കുന്നത്.

ഇളവുകൾ പ്രഖ്യാപിച്ച എമിറേറ്റുകൾ ഏതൊക്കെയാണ്..? ഇളവുകൾ എന്തെല്ലാം ?

അബൂദബി

വാഹനമോടിക്കുന്നവർ തങ്ങൾക്ക് ചുമത്തപ്പെട്ട പിഴകൾ എത്ര നേരത്തെ അടയ്ക്കുന്നുവോ അതിനനുസരിച്ച് ഇളവുകൾ ലഭിക്കുമെന്നാണ് അബൂദബി എമിറേറ്റ് പൊലീസ് അധികാരികൾ പ്രഖ്യാപിച്ചിരിക്കുന്നത്.

60 ദിവസത്തിനകം പിഴയടച്ചാൽ 35 ശതമാനം കിഴിവും, 60 ദിവസത്തിനു ശേഷവും ഒരു വർഷത്തിനുള്ളിലുമായി പിഴയടച്ചാൽ അവർക്ക് 25 ശതമാനവുമാണ് കിഴിവ് ലഭിക്കുക.

അബൂദബി സർക്കാരിന്റെ ഡിജിറ്റൽ ചാനലുകൾ വഴിയോ പൊലീസിന്റെ ഉപഭോക്തൃ സേവന പ്ലാറ്റ്ഫോമുകളിൽ നേരിട്ടോ ആണ് പിഴയടക്കേണ്ടത്.

ഫുജൈറ

ഈ മാസം 29 മുതൽ 60 ദിവസത്തേക്കാണ് ഫുജൈറ എമിറേറ്റിൽ ഡിസ്‌കൗണ്ട് സ്‌കീം ഒരുക്കിയിരിക്കുന്നത്. ട്രാഫിക് പിഴയിൽ 50 ശതമാനം ഇളവ് ലഭിക്കുന്നതിന് പുറമേ, ബ്ലാക്ക് പോയിന്റുകളും ഒഴിവാക്കും.

നവംബർ 26ന് മുമ്പ് ഏർപ്പെടുത്തിയ പിഴകൾക്കാണ് ഈ ഇളവ് ലഭിക്കുക. എന്നാൽ ഗുരുതരമായ ഗതാഗത നിയമലംഘനങ്ങൾക്ക് ഇളവുകൾ ബാധകമായിരിക്കില്ല.

അജ്മാൻ

അജ്മാനിൽ നവംബർ 11ന് മുമ്പ് ചുമത്തപ്പെട്ട കുറ്റകൃത്യങ്ങൾക്ക് 2023 ജനുവരി 6ന് മുമ്പ് പിഴപിഴയടച്ചാൽ 50 ശതമാനം ഇളവ് ലഭിക്കുമെന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്. എന്നാൽ, ജീവൻ അപകടപ്പെടുത്തുന്ന തരത്തിലുള്ള ചില ഗുരുതര നിയമലംഘനങ്ങൾക്ക് പരിരക്ഷ ലഭിക്കില്ല.

ഉമ്മുൽ ഖുവൈൻ

ഉമ്മുൽ ഖുവൈനിൽലും 50 ശതമാനം ഇളവാണ് പ്രഖ്യാപിച്ചിട്ടുള്ളത്. വരുന്ന ഡിസംബർ 1 മുതൽ 2023 ജനുവരി 6 വരെയാണ് പിഴയിൽ ഇളവ് ലഭിക്കുന്ന കാലാവധി. കഴിഞ്ഞ ഒക്ടോബർ 31 ന് മുമ്പ് ഏർപ്പെടുത്തിയ പിഴകളാണ് ഈ ഇളവ് പരിധിയിൽ ഉൾപ്പെടുക. ഇവിടെയും ഗുരുതരമായ ഗതാഗത നിയമലംഘനങ്ങൾ ഇളവിന്റെ പരിധിയിൽ വരുന്നതല്ലെന്ന് പ്രത്യേകം ഓർത്തിരിക്കുക.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News