ബഹിരാകാശം, നാവിക മേഖലകളിൽ കൂടുതൽ നിക്ഷേപത്തിന് ഇന്ത്യ -യുഎഇ ധാരണ
കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ അബൂദബിയിൽ
അബൂദബി: ബഹിരാകാശം, നാവികം എന്നീ രംഗങ്ങളിൽ കൂടുതൽ നിക്ഷേപത്തിന് ഇന്ത്യയും യുഎഇയും തമ്മിൽ ധാരണ. അബൂദബിയിൽ ഇരുരാജ്യങ്ങളുടെയും സംയുക്ത ദൗത്യസംഘം നടത്തിയ യോഗത്തിലാണ് ഇതുസംബന്ധിച്ച ധാരണയായത്.
കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രി പിയൂഷ് ഗോയൽ, അബുദാബി ഇൻവെസ്റ്റ്മെന്റ് അതോറിറ്റി എംഡി. ശൈഖ് ഹമദ് ബിൻ സായിദ് അൽ നഹ്‌യാൻ എന്നിവരുടെ അധ്യക്ഷതയിലാണ് നിക്ഷേപം സംബന്ധിച്ച ഇന്ത്യ-യുഎഇ സംയുക്ത ദൗത്യസംഘത്തിന്റെ യോഗം നടന്നത്.
വ്യാപാര, നിക്ഷേപ ബന്ധം കൂടുതൽ ശക്തമാക്കാൻ യോഗത്തിൽ ധാരണയായി. ഇന്ത്യ അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയാണെന്ന് മന്ത്രി പിയൂഷ് ഗോയൽ പറഞ്ഞു. ഇന്ത്യയുടെ വളർച്ചയിൽ പ്രധാന പങ്കാളിയാണ് യുഎഇയെന്ന് മന്ത്രി പറഞ്ഞു.
ഇരുരാജ്യങ്ങളും തമ്മിലെ വ്യാപാര, നിക്ഷേപ ബന്ധം അതിവേഗത്തിലാണ് വളരുന്നതെന്ന് ശൈഖ് ഹമദ് ബിൻ സായിദ് അൽ നഹ്‌യാൻ യോഗത്തിൽ ചൂണ്ടിക്കാട്ടി.
ഇരുരാജ്യങ്ങളിലെയും നിക്ഷേപകർ നേരിടുന്ന പ്രശ്നങ്ങൾ, വ്യാപാരവും നിക്ഷേപവും വർധിപ്പിക്കാനുള്ള സംരംഭങ്ങൾ, പുതിയ സഹകരണമേഖലകൾ എന്നിവ ജോയിന്റ് ടാസ്‌ക് ഫോഴ്സ് ചർച്ച ചെയ്തു. ജബൽ അലി ഫ്രീസോണിൽ നിർമാണത്തിലിരിക്കുന്ന ഭാരത് മാർട്ട് ഉൾപ്പെടെയുള്ള സംയുക്ത നിക്ഷേപ പദ്ധതികളുടെ പുരോഗതി യോഗം വിലയിരുത്തി. പ്രാദേശിക കറൻസികളിൽ വ്യാപാരം സാധ്യമാക്കാൻ ഇരുരാജ്യങ്ങളുടെയും സെൻട്രൽ ബാങ്കുകൾ തമ്മിലുണ്ടാക്കിയ സഹകരണത്തെ യോഗം പ്രശംസിച്ചു.
ഈ വർഷം ആദ്യപകുതിയിൽ ഇന്ത്യ-യുഎഇ എണ്ണയിതര വ്യാപാരം 38 ബില്യൻ യുഎസ് ഡോളറിലെത്തിയിട്ടുണ്ട്. ഇത് മുൻവർഷത്തെ കാലയളവിനേക്കാൾ 34 ശതമാനം അധികമാണെന്ന് യോഗം ചൂണ്ടിക്കാട്ടി.
ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ ഉൾപ്പെടെ ഉന്നത ഉദ്യോഗസ്ഥരും നിക്ഷേപക സ്ഥാപന പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു. 2013 ലാണ് നിക്ഷേപത്തിനായി ഇന്ത്യ-യുഎഇ സംയുക്ത ദൗത്യസംഘം രൂപീകരിച്ചത്.