ഐപിഎല്ലിന് കാണികളെത്തിയേക്കും; അനുമതി തേടുമെന്ന് എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡ്

ഗാലറിയിൽ പ്രവേശനം നൽകാവുന്ന ആളുകളുടെ എണ്ണം ഉൾപെടെയുള്ള കാര്യങ്ങളിൽ അനുമതി നൽകേണ്ടത് യുഎഇ സർക്കാരാണ്. സര്‍ക്കാര്‍ അനുമതി ലഭിക്കുന്ന മുറയ്ക്ക് ബിസിസിഐയും ഐസിസിയും സമ്മതിച്ചാൽ കാണികൾക്ക് ഗാലറിയിലെത്താനാകും

Update: 2021-08-17 18:51 GMT
Editor : Shaheer | By : Web Desk

യുഎഇയിൽ അരങ്ങേറുന്ന ഐപിഎൽ ടൂര്‍ണമെന്‍റിലും ടി20 ലോകകപ്പിലും കാണികളെ അനുവദിക്കാൻ സന്നദ്ധമാണെന്ന് എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡ്. ഇക്കാര്യം യുഎഇ സർക്കാറുമായും ബിസിസിഐയുമായും ചർച്ച നടത്തുമെന്ന് അധികൃതർ പറഞ്ഞു.

'ഗൾഫ് ന്യൂസ്' ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡ് ജനറൽ സെക്രട്ടറി മുബശിർ ഉസ്മാനിയാണ് കാണികളെ പ്രവേശിപ്പിക്കാനുള്ള സന്നദ്ധത അറിയിച്ചത്. അടുത്തമാസം 19നാണ് ഐപിഎൽ ആരംഭിക്കുന്നത്. ഒക്ടോബറിൽ ലോകകപ്പും യുഎഇയിലെത്തും. ഗാലറിയിൽ പ്രവേശനം നൽകാവുന്ന ആളുകളുടെ എണ്ണം ഉൾപെടെയുള്ള കാര്യങ്ങളിൽ അനുമതി നൽകേണ്ടത് യുഎഇ സർക്കാരാണ്. സര്‍ക്കാര്‍ അനുമതി ലഭിക്കുന്ന മുറയ്ക്ക് ബിസിസിഐയും ഐസിസിയും സമ്മതിച്ചാൽ കാണികൾക്ക് ഗാലറിയിലെത്താൻ അവസരം ലഭിക്കും.

ഇന്ത്യയിൽ നടന്ന മത്സരങ്ങളുടെ ആദ്യഘട്ടത്തിൽ കാണികളെ അനുവദിച്ചിരുന്നില്ല. കഴിഞ്ഞ സീസൺ യുഎഇയിൽ നടന്നപ്പോഴും കാണികൾ ഇല്ലായിരുന്നു. ഇക്കുറിയെങ്കിലും നേരിട്ടെത്തി കളി കാണാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ക്രിക്കറ്റ് പ്രേമികൾ. ദുബൈ ദുരന്ത നിവാരണ അതോറിറ്റിയുടെ അറിയിപ്പനുസരിച്ച് 2,500 പേർ വരെ പങ്കെടുക്കുന്ന കായികമേളകൾ നടത്താം.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News