യുഎഇയിൽ ജോലിക്ക് ചേരാനായി ആദ്യ യാത്ര; വിമാനത്തിൽ ഹൃദയാഘാതമുണ്ടായ യാത്രക്കാരന് രക്ഷകരായി മലയാളി നഴ്സുമാർ

തുണയായത് റെസ്‌പോൺസ് പ്ലസ് മെഡിക്കൽ ജീവനക്കാരായ അഭിജിത്തും അജീഷും

Update: 2025-10-29 07:45 GMT

അബൂദബി: ഒക്ടോബർ 13-ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് അബൂദബിയിലേക്കുള്ള എയർ അറേബ്യ 3L 128 വിമാനത്തിൽ കയറിയ യുവ നഴ്‌സുമാരായ വയനാട്ടുകാരൻ അഭിജിത്ത് ജീസിന്റെയും ചെങ്ങന്നൂർ സ്വദേശി അജീഷ് നെൽസന്റെയും മനസ്സ് നിറയെ യുഎഇയിലെ പുതിയ തുടക്കത്തെക്കുറിച്ചുള്ള പ്രതീക്ഷകളും ആശങ്കകളുമായിരുന്നു. ഇരുവരുടെയും ആദ്യ അന്താരാഷ്ട്ര വിമാനയാത്ര. യുഎഇയിലെ റെസ്‌പോൺസ് പ്ലസ് ഹോൾഡിങ്ങിന്റെ ഭാഗമായ റെസ്‌പോൺസ് പ്ലസ് മെഡിക്കലിൽ (ആർപിഎം) രജിസ്റ്റേർഡ് നഴ്‌സായി ജോലി തുടങ്ങാനുള്ള യാത്ര. എന്നാൽ, ആദ്യ യാത്ര തന്നെ അഭിമാന യാത്രയായ കഥയാണ് ഇരുവർക്കും പറയാനുള്ളത്.

Advertising
Advertising

35,000 അടി ഉയരത്തിലൊരു മെഡിക്കൽ എമർജൻസി

പുലർച്ചെ 5:30 നായിരുന്നു ഫ്‌ളൈറ്റ്. വിമാനം അറബിക്കടലിന് മുകളിലൂടെ പറക്കുമ്പോൾ, ഏകദേശം 5:50 ആയപ്പോൾ, അടുത്തുള്ള സീറ്റിൽ ആരോ ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുന്നതായി തോന്നിയാണ് അഭിജിത്ത് തിരിഞ്ഞു നോക്കിയത്. 'ഒരു മനുഷ്യൻ ചലനമില്ലാതെ കിടക്കുന്നതാണ് കണ്ടത്. പൾസ് നോക്കി കിട്ടാതെ വന്നപ്പോൾ തന്നെ മനസിലായി അദ്ദേഹത്തിന് ഹൃദയാഘാതം സംഭവിച്ചതാണെന്ന്' അഭിജിത്ത് പറയുന്നു.

34കാരനായ തൃശൂർ സ്വദേശിക്കാണ് ഹൃദയാഘാതം സംഭവിച്ചത്. വിമാന ജീവനക്കാരെ അറിയിച്ചതോടൊപ്പം ഒട്ടും സമയം പാഴാക്കാതെ രോഗിക്ക് അഭിജിത്ത് സിപിആർ നൽകാൻ തുടങ്ങി. സഹായത്തിനായി അജീഷും ചേർന്നു. ഇരുവരും ചേർന്ന് രണ്ട് റൗണ്ട് സിപിആർ നൽകിയതോടെ രോഗിക്ക് പൾസ് തിരിച്ച് കിട്ടി. ശ്വാസമെടുക്കാനും തുടങ്ങി. ഇവരോടൊപ്പം വിമാനത്തിലുണ്ടായിരുന്ന ഡോ. ആരിഫ് അബ്ദുൽ ഖാദറും ചേർന്ന് രോഗിക്ക് ഐവി ഫ്‌ളൂയിഡുകൾ നൽകി, വിമാനം അബൂദബിയിൽ സുരക്ഷിതമായി ഇറങ്ങുന്നത് വരെ അദ്ദേഹത്തിന്റെ അവസ്ഥ വഷളാകാതിരിക്കാൻ ശ്രമിച്ചു.

'ഞങ്ങളുടെ ആദ്യത്തെ വിദേശ യാത്രയായിരുന്നു. പുതിയ ജോലിയിലേക്ക് പ്രവേശിക്കുന്നതിന് മുന്നേ ഒരു ജീവൻ രക്ഷിക്കാൻ കഴിഞ്ഞത് വലിയൊരനുഗ്രഹമായി തോന്നി' അജീഷ് പറയുന്നു. എയർപോർട്ടിലെ ചികിത്സക്ക് ശേഷം അടിയന്തരനില തരണം ചെയ്ത രോഗിയുടെ കുടുംബവും ഇരുവരോടും നന്ദി പറഞ്ഞു.

 

ആർപിഎമ്മിൽ ജോയിൻ ചെയ്യുന്നതിന് മുൻപ് ഇന്ത്യയിൽ സ്റ്റാഫ് നഴ്‌സുമാരായിരുന്നു അഭിജിത്തും അജീഷും. വിമാനത്തിൽ നടന്ന കാര്യങ്ങൾ ഇരുവരും അധികമാരോടും പറഞ്ഞിരുന്നില്ല. വിമാനത്തിൽ യാത്ര ചെയ്തിരുന്ന ആർപിഎമ്മിലെ മറ്റൊരു ജീവനക്കാരനായ ബ്രിൻറ് ആന്റോയാണ് ഇരുവരുടെയും സമയോചിതമായ പ്രവൃത്തി ആർപിഎം സഹപ്രവർത്തകരോട് പറയുന്നത്. തുടർന്ന് സംഭവം ശ്രദ്ധയിൽപ്പെട്ട മാനേജ്മെന്റ് ഇരുവരെയും ആദരിച്ചു. ഡോ. ഷംഷീർ വയലിൽ സ്ഥാപകനും ബോർഡ് മെമ്പറുമായ റെസ്‌പോൺസ് പ്ലസ് ഹോൾഡിങ് യുഎഇയിലെ പ്രമുഖ അടിയന്തര, ഓൺസൈറ്റ് മെഡിക്കൽ സേവനദാതാവാണ്.

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News