സമ്മതമില്ലാതെ ഫോട്ടോ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തു; യുഎഇയിൽ സ്ത്രീക്ക് 20,000 ദിർഹം നഷ്ടപരിഹാരം നൽകാൻ വിധി
ഉത്തരവിട്ടത് അബൂദബി കോടതി
അബൂദബി: സ്ത്രീയുടെ ഫോട്ടോ അവരുടെ സമ്മതമില്ലാതെ ഓൺലൈനിൽ പോസ്റ്റ് ചെയ്തയാൾ 20,000 ദിർഹം (ഏകദേശം അഞ്ച് ലക്ഷത്തോളം ഇന്ത്യൻ രൂപ) നഷ്ടപരിഹാരം നൽകണമെന്ന് അബൂദബി കോടതി വിധി. സ്വകാര്യതാ ലംഘനം സ്ത്രീക്ക് ധാർമ്മികവും മാനസികവുമായ ദോഷം വരുത്തിയെന്ന് സിവിൽ കോടതി നിരീക്ഷിച്ചു. ഈ മാസം ആദ്യമാണ് സംഭവം നടന്നത്.
പരാതിക്കാരിയുടെ സമ്മതമില്ലാതെ അവരുടെ ഫോട്ടോകളും വീഡിയോകളും സമൂഹ മാധ്യമത്തിൽ പ്രസിദ്ധീകരിച്ച പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തുകയായിരുന്നു. ഒക്ടോബർ 16 നാണ് അബൂദബി ഫാമിലി, സിവിൽ, അഡ്മിനിസ്‌ട്രേറ്റീവ് ക്ലെയിംസ് കോടതി വിധി പുറപ്പെടുവിച്ചത്.
നഷ്ടപരിഹാരമായി 50,000 ദിർഹമാണ് പരാതിക്കാരി ആവശ്യപ്പെട്ടിരുന്നത്. എന്നാൽ കാര്യമായ സാമ്പത്തിക നഷ്ടമോ ദീർഘകാല സാമൂഹിക പ്രത്യാഘാതങ്ങളോ തെളിവുകളിൽ കാണുന്നില്ലെന്ന് കോടതി നിരീക്ഷിക്കുകയായിരുന്നു. മറ്റുള്ളവരുടെ ഫോട്ടോകളോ വീഡിയോകളോ സമ്മതമില്ലാതെ പ്രസിദ്ധീകരിക്കുന്നത് ശിക്ഷയ്ക്കും സാമ്പത്തിക ബാധ്യതയ്ക്കും കാരണമാകുമെന്ന് ഓർമിപ്പിക്കുന്നതാണ് വിധി. സൈബർ കുറ്റകൃത്യങ്ങളിൽ അഞ്ച് ലക്ഷം ദിർഹം വരെ പിഴയും ജയിൽ ശിക്ഷയും ലഭിച്ചേക്കുമെന്നാണ് നിയമ വിദഗ്ധർ പറയുന്നത്. ചില കേസുകളിൽ പൗരന്മാരല്ലാത്തവർക്ക് നാടുകടത്തലും നേരിടേണ്ടി വന്നേക്കാം.