വിദ്യാര്‍ത്ഥികള്‍ക്ക് പ്രചോദനമായി മുഹമ്മദ് അസീം ദുബൈയില്‍
കൈകാലുകളിലാതെ ജനിച്ചിട്ടും പരിമിതികളെ അതീജീവിച്ച് എല്ലാവര്‍ക്കും മാതൃകയാകുന്ന മലയാളിയായ 16 കാരന്‍ മുഹമ്മദ് അസീം സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ആവേശം പകരാനായി ദുബൈയിലെത്തി. ദുബൈ ക്രസന്റ് സ്‌കൂളിലെ കുട്ടികളുമായാണ് അസീം സംവദിച്ചത്. ഇതിനകം നിരവധി പുരസ്‌കാരങ്ങളും റെക്കോര്‍ഡുകളും സ്വന്തമാക്കിയ മുഹമ്മദ് അസീം ആദ്യമായാണ് ദുബൈയിലെത്തുന്നത്. പരിമിതികളെയല്ല, ഭയത്തെയാണ് ആദ്യം അതിജീവിക്കേണ്ടതെന്ന് അസീം വിദ്യാര്‍ഥികളോട് ഉണര്‍ത്തി.
തന്നെ പോലുളളവരെ കൂടി ഉള്‍കൊള്ളുന്ന വിദ്യാഭ്യാസരീതികളാണ് നടപ്പാക്കേണ്ടതെന്ന് അസീം അഭിപ്രായപ്പെട്ടു. നടന്‍ ഗിന്നസ് പക്രുവുമായുള്ള അഭിമുഖത്തില്‍ തനിക്ക് ദുബൈ കാണണമെന്ന ആഗ്രഹം പ്രകടിപ്പിച്ച അസീമിനെ സാമൂഹിക പ്രവര്‍ത്തകന്‍ സലാം പാപ്പിനിശ്ശേരിയാണ് ദുബൈയിലെത്തിച്ചത്.
ക്രസന്റ് സ്‌കൂള്‍ ചെയര്‍മാന്‍ ഹാജി എന്‍ ജമാലുദ്ദീന്‍, പ്രിന്‍സിപ്പല്‍ ഷറഫുദ്ദീന്‍ താനിക്കാട്ട് എന്നിവര്‍ ചേര്‍ന്ന് അസീമിനെ ആദരിച്ചു. സജി തോമസ്, എം മുഹമ്മദ് ഇബ്രാഹിം, കെ ഇര്‍ഷാദ് ആദം, ഷബാന അമീന്‍ തുടങ്ങിയവര്‍ സംസാരിച്ചു.