ആസ്റ്റർ ഗാർഡിയൻസ് നഴ്‌സിങ് പുരസ്‌കാരം നവോമി ഒയോ ഒഹെനെ ഒട്ടിക്ക്
രണ്ടര ലക്ഷം യുഎസ് ഡോളറാണ് പുരസ്‌കാരത്തുക
ദുബൈ: ആസ്റ്റർ ഗാർഡിയൻസ് ആഗോള നഴ്‌സിങ് പുരസ്‌കാരം ഘാനയിൽ നിന്നുള്ള നഴ്‌സ് നവോമി ഒയോ ഒഹെനെ ഒട്ടിക്ക്. ദുബൈയിൽ നടന്ന ചടങ്ങിൽ യുഎഇ സഹിഷ്ണുതാ വകുപ്പ് മന്ത്രി ശൈഖ് നഹ്‌യാൻ ബിൻ മുബാറക് പുരസ്‌കാരം സമ്മാനിച്ചു. രണ്ടര ലക്ഷം യുഎസ് ഡോളറാണ് പുരസ്‌കാരത്തുക.
പുരസ്‌കാരത്തിന്റെ അന്തിമപ്പട്ടികയിലെത്തിയ പത്തു പേരെ പിന്തള്ളിയാണ് നവോമി അവാർഡ് സ്വന്തമാക്കിയത്. ഘാനയിലെ അക്രയിൽ സ്ഥിതി ചെയ്യുന്ന കോർലെ-ബു ടീച്ചിങ് ആശുപത്രിയിലെ അർബുദ വിഭാഗം നഴ്‌സാണ് ഇവർ. അർബുദ പരിചരണത്തിൽ രണ്ടു പതിറ്റാണ്ടിന്റെ അനുഭവ സമ്പത്തുള്ള നവോമി മേഖലയിലെ നയരൂപവത്കരണത്തിൽ നേതൃപരമായ പങ്കുവഹിച്ചിട്ടുണ്ട്. ആഫ്രിക്കയിൽ നിന്നുള്ള എല്ലാ നഴ്‌സുമാർക്കും തന്റെ പുരസ്‌കാരം സമർപ്പിക്കുന്നതായി അവർ പറഞ്ഞു.
പത്തു പേരിൽ നിന്ന് നവോമിയെ പുരസ്‌കാരത്തിന് തെരഞ്ഞെടുത്ത പ്രക്രിയ ഏറെ ദുഷ്‌കരമായിരുന്നെന്ന് ജൂറി അംഗങ്ങൾ അഭിപ്രായപ്പെട്ടു. ഓങ്കോളജി കരിക്കുലം, നഴ്‌സുമാർക്കുള്ള പരിശീലനം എന്നിവയിൽ ഇവരുടെ പ്രവർത്തനം അസാമാന്യമാണെന്നും അവർ പറഞ്ഞു.
199 രാഷ്ട്രങ്ങളിൽ നിന്നുള്ള ഒരു ലക്ഷത്തിലേറെ അപേക്ഷകളാണ് ഇത്തവണത്തെ പുരസ്‌കാരത്തിനായി ഉണ്ടായിരുന്നത്. അന്തിമപ്പട്ടികയിലെത്തിയ എല്ലാ നഴ്‌സുമാരെയും ചടങ്ങിൽ ആദരിച്ചു. യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ, ദുബൈ ഇന്ത്യൻ കോൺസുൽ ജനറൽ സതീഷ് കുമാർ ശിവൻ, ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ സ്ഥാപക ചെയർമാൻ ഡോ. ആസാദ് മൂപ്പൻ, ഗ്രൂപ്പ് സി.ഇ.ഒ അലീഷ മൂപ്പൻ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.