യാത്രാസമയം 10 മിനിറ്റിൽ നിന്ന് ഒരു മിനിറ്റാകും; ദുബൈ എമിറേറ്റ്‌സ് മാളിലേക്ക് പുതിയ പാലം
അബൂദബി, ജബൽഅലി എന്നിവിടങ്ങളിൽ നിന്ന് വരുന്ന വാഹനങ്ങൾക്ക് എളുപ്പത്തിൽ മാളിലേക്ക് പ്രവേശിക്കാൻ കഴിയുന്നതാണ് പുതിയ പാലം
ദുബൈ: ദുബൈയിലെ ലോകപ്രശസ്ത ഷോപ്പിങ് കേന്ദ്രമായ മാൾ ഓഫ് ദി എമിറേറ്റ്‌സിലേക്ക് പുതിയ പാലം തുറന്നു. അബൂദബി, ജബൽഅലി എന്നിവിടങ്ങളിൽ നിന്ന് വരുന്ന വാഹനങ്ങൾക്ക് എളുപ്പത്തിൽ മാളിലേക്ക് പ്രവേശിക്കാൻ കഴിയുന്നതാണ് പുതിയ പാലം.
വർഷം അഞ്ച് കോടിയിലേറെ സന്ദർശകർ എത്തുന്ന ഷോപ്പിങ് കേന്ദ്രമാണ് ദുബൈയിലെ മാൾ ഓഫ് ദി എമിറേറ്റ്‌സ്. പ്രധാന ഹൈവേയായ ശൈഖ് സായിദ് റോഡിൽ നിന്ന് മാളിലേക്ക് വാഹനങ്ങൾക്ക് എളുപ്പത്തിൽ പ്രവേശിക്കാൻ കഴിയുന്ന വിധമാണ് 300 മീറ്റർ നീളമുള്ള പുതിയ പാലം നിർമിച്ചത്. ജബൽഅലിയിൽ നിന്ന് മാളിലെത്താൻ നേരത്തേ പത്ത് മിനിറ്റ് സമയമെടുത്തിരുന്നെങ്കിൽ പുതിയ പാലം വന്നതോടെ അത് ഒരു മിനിറ്റായി കുറയുമെന്ന് ദുബൈ റോഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു.
മണിക്കൂറിൽ 900 വാഹനങ്ങൾക്ക് ഈ ഒറ്റവരി പാലത്തിലൂടെ യാത്ര ചെയ്യാം. മാൾ ഉടമകളായ മാജിദ് അൽ ഫുത്തൈമുമായി ചേർന്നാണ് പദ്ധതി നടപ്പാക്കിയത്. ഉമ്മുസുഖീം സ്ട്രീറ്റ് വികസനപദ്ധതിയുടെ ഭാഗമാണ് പുതിയ പാലം. ഇതിന്റെ ഭാഗമായി പദ്ധതിയുടെ ഭാഗമായി മേഖലയിലെ സിഗ്‌നൽ ജംങ്ഷൻ മെച്ചപ്പെടുത്തി. മാളിന് ചുറ്റുമുള്ള രണ്ടരകിലോമീറ്റർ റോഡ് വികസിപ്പിച്ചു. മെട്രോ സ്റ്റേഷനോട് ചേർന്ന ബസ് സ്റ്റേഷൻ വികസിപ്പിച്ചു. കെംപെൻസ്‌കി ഹോട്ടലിന് സമീപമുള്ള ഇരുദിശയിലേക്കമുള്ള റോഡാക്കി മാറ്റി. കാൽനട, സൈക്കിൾ പാതകൾ നവീകരിച്ചു. ജുമൈറ സ്ട്രീറ്റിനെ അൽഖൈൽ ഇന്റർസെക്ഷനുമായി ബന്ധിപ്പിക്കുന്ന പദ്ധതിയും ഇതിന്റെ ഭാഗമാണ്.