ഓപറേഷൻ സിന്ദൂർ: യുഎഇയിൽ ഇന്ത്യൻ നിലപാട് വിശദീകരിച്ച് പ്രതിനിധി സംഘം

ഭീകരതയെ നേരിടുന്നതിൽ ഇന്ത്യയും യുഎഇയും ഒരുമിച്ചുനിൽക്കുമെന്ന് ഇന്ത്യൻ സംഘവുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മന്ത്രി ശൈഖ് നഹ്‌യാൻ മുബാറക്

Update: 2025-05-22 16:44 GMT

ദുബൈ: പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ നടപ്പാക്കിയ ഓപറേഷൻ സിന്ദൂറിനെ കുറിച്ച് യുഎഇ രാഷ്ട്ര നേതാക്കൾക്കു മുമ്പിൽ വിശദീകരിച്ച് കേന്ദ്ര പ്രതിനിധി സംഘം. യുഎഇ സഹിഷ്ണുതാ വകുപ്പു മന്ത്രി ശൈഖ് നഹ്‌യാൻ ബിൻ മുബാറക് അടക്കമുള്ളവരുമായാണ് സംഘം കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ചകൾ നാളെയും തുടരും.

ഭീകരതയെ നേരിടുന്നതിൽ ഇന്ത്യയും യുഎഇയും ഒരുമിച്ചുനിൽക്കുമെന്ന് ഇന്ത്യൻ സംഘവുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മന്ത്രി ശൈഖ് നഹ്‌യാൻ മുബാറക് പറഞ്ഞു. സംഭാഷണം ഫലപ്രദമായിരുന്നുവെന്നും ഭീകരതക്കെതിരെ എല്ലാ രാജ്യങ്ങളും ഒരുമിക്കണമെന്ന അഭിപ്രായമാണ് എല്ലാവരും പങ്കുവെച്ചതെന്നും നയതന്ത്ര സംഘത്തിന് നേതൃത്വം നൽകുന്ന ശ്രീകാന്ത് ഏകനാഥ് ഷിൻഡെ പ്രതികരിച്ചു.

Advertising
Advertising

യുഎഇ ഫെഡറൽ നാഷണൽ കൗൺസിലിലെ പ്രതിരോധ, ആഭ്യന്തര, വിദേശകാര്യ കമ്മിറ്റി ചെയർമാൻ ഡോ. അലി റാശിദ് അൽ നുഐമിയുമായി ആയിരുന്നു രണ്ടാമത്തെ കൂടിക്കാഴ്ച. ഇന്ത്യൻ ഭരണകൂടം മാത്രമല്ല, ജനതയും യുഎഇയുടെ തന്ത്രപ്രധാന പങ്കാളിയാണെന്ന് കൂടിക്കാഴ്ചക്ക് ശേഷം ഡോ. അലി റാശിദ് അൽ നുഐമി പറഞ്ഞു.

നാഷണൽ മീഡിയ ഓഫീസ് ഡയറക്ടർ ജനറൽ ഡോ. ജമാൽ അൽ കഅബിയുമായും സംഘം കൂടിക്കാഴ്ച നടത്തി. ഭീകരതയും തിവ്രവാദവും തടയുന്നതിലെ മാധ്യമങ്ങളുടെ പങ്ക് ഇരുപക്ഷവും ചർച്ച ചെയ്തു. വൈകുന്നേരം ആറിന് അബൂദബി ഇന്ത്യൻ എംബസി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ ബിസിനസ് രംഗത്തെയും മറ്റും പ്രമുഖരുമായും സംഘം സംവദിച്ചു. യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീറും കൂടിക്കാഴ്ചകളിൽ പങ്കെടുത്തു.

നാളെ അൻവർ ഗർഗാഷ് ഡിപ്ലോമാറ്റിക് അക്കാദമി ഡയറക്ടർ ജനറൽ നികോലായ് മ്ലദനേവുമായും മറ്റു പ്രമുഖരുമായും കൂടിക്കാഴ്ചകൾ നടത്തും. തുടർന്ന് ദുബൈയിൽ മാധ്യമങ്ങളുമായും സംവദിക്കും. യുഎഇയിലെത്തിയ ദൗത്യ സംഘത്തിൽ ഇ.ടി മുഹമ്മദ് ബഷീർ എം.പി, ബാൻസുരി സ്വരാജ് എം.പി, അതുൽ ഗാർഗ് എം.പി, സാംസിത് പത്ര എം.പി, മനൻകുമാർ മിശ്ര എം.പി, മുൻ പാർലമെൻറ് അംഗം എസ്.എസ് അഹ്‌ലുവാലിയ, മുൻ അംബാസിഡർ സുജൻ ചിനോയ് എന്നിവരാണുള്ളത്.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News