സ്വകാര്യ വിദ്യാലയങ്ങളുടെ റേറ്റിങ്: ദുബൈയിൽ 23 സ്കൂളുകൾക്ക് ‘ഔട്ട്സ്റ്റാൻഡിങ്’ റേറ്റിങ്
കെ.എച്ച്.ഡി.എ.യാണ് സ്കൂളുകളുടെ നിലവാരപട്ടിക പ്രസിദ്ധീകരിച്ചത്
ദുബൈ: ദുബൈയിലെ സ്വകാര്യവിദ്യാലയങ്ങളുടെ റേറ്റിങ് പട്ടിക പുറത്തുവിട്ടു. വിദ്യാഭ്യാസ അതോറിറ്റിയായ കെ.എച്ച്.ഡി.എ.യാണ് സ്കൂളുകളുടെ നിലവാരപട്ടിക പ്രസിദ്ധീകരിച്ചത്. കഴിഞ്ഞ അക്കാദമിക വർഷത്തെ 209 സ്കൂളുകളുടെ നിലവാരം വിലയിരുത്തിയാണ് KHDA റേറ്റിങ് പട്ടിക പുറത്തുവിട്ടത്. 23 സ്കൂളുകൾക്ക് ഔട്ട്സ്റ്റാൻഡിങ് റേറ്റിങ് ലഭിച്ചു. 48 സ്കൂളുകൾക്ക് വെരിഗുഡ് റേറ്റിങുണ്ട്. ഗുഡ്, ആക്സപറ്റഡ്, വീക്ക് എന്നിവയാണ് സ്കൂൾക്ക് നൽകുന്ന മറ്റ് റേറ്റിങുകൾ.
കെ.എച്ച്.ഡി.എയുടെ റേറ്റിങ് അനുസരിച്ചാണ് സ്കൂളുകൾക്ക് ഓരോ അകാദമിക വർഷവും ഈടാക്കാവുന്ന ഫീസ് ഘടന നിശ്ചയിക്കുക. ഏറ്റവും മികച്ച റാങ്ക് നേടിയ സ്കൂളുകൾക്ക് ആനുപാതികമായി ഫീസ് വർധിപ്പിക്കാൻ അനുമതി നൽകും. ‘ഔട്ട്സ്റ്റാന്‍റിങ്’ റേറ്റിങ് നേടിയവയിൽ കൂടുതലും ഇന്ത്യൻ, ഫ്രഞ്ച്, ഇന്‍റർനാഷനൽ ബെക്കാലുരേറ്റ് (ഐ.ബി), യു.കെ, യു.എസ് പാഠ്യപദ്ധതി പിന്തുടരുന്ന സ്കൂളാണ്. ഈ അധ്യയന വർഷം മുതൽ സ്കൂളുകളിൽ നേരിട്ടുള്ള വിലയിരുത്തലുകൾ നടത്തില്ലെന്ന് കെ.എച്ച്.ഡി.എ നേരത്തെ വ്യക്തമാക്കിയിരുന്നു. സ്വയം വിലയിരുത്തി ഫോം സമർപ്പിക്കുന്ന രീതിയാവും പിന്തുടരുക.