Writer - razinabdulazeez
razinab@321
ഫുജൈറ: രാജ്യത്തിന്‍റെ മലയോര പ്രദേശങ്ങളിൽ തുടർച്ചയായ മൂന്നാം ദിവസവും മഴ ലഭിച്ചു. ഫുജൈറ, റാസൽഖൈമ, ഷാർജ എമിറേറ്റുകളിലെ വ്യത്യസ്ത സ്ഥലങ്ങളിലാണ് ചൂടിന് ആശ്വാസം പകർന്ന് മഴ ലഭിച്ചത്. മഴയെ തുടർന്ന് രാജ്യത്താകമാനം താപനിലയിൽ കുറവ് രേഖപ്പെടുത്തി.
രാജ്യത്തിന്‍റെ വടക്കുകിഴക്കൻ മേഖലകളായ ഫുജൈറയിലെ വാദി അൽ സിദ്ർ, ഷാർജയിലെ ഖോർഫക്കാൻ, വാദി ശീസ്, റാസൽഖൈമയിലെ മസാഫി എന്നിവിടങ്ങളിലാണ് മൂന്നു ദിവസങ്ങളിലായി മഴ ലഭിച്ചത്. പലയിടങ്ങളിലും മഴയെ തുടർന്ന് മലയടിവാരങ്ങളിൽ വെള്ളം കുത്തിയൊലിച്ചു. മഴ സാധ്യത കണക്കിലെടുത്ത് മേഖലയിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം യെല്ലോ, ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിരുന്നു.
മഴ ലഭിച്ചതോടെ രാജ്യത്താകമാനം ചൂടിന് ശമനമായി. രാജ്യത്ത് ഞായറാഴ്ച ഏറ്റവും കൂടുതൽ താപനില രേഖപ്പെടുത്തിയത് ഷാർജയിലെ ദൈദിലാണെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇവിടെ ഉച്ചയ്ക്ക് രണ്ടു മണിക്ക് 43 ഡിഗ്രിയായിരുന്നു താപനില. കഴിഞ്ഞ ആഴ്ച തുടർച്ചയായ ദിവസങ്ങളിൽ താപനില അമ്പത് ഡിഗ്രി സെൽഷ്യസ് കടന്നിരുന്നു.
തിങ്കളഴാഴ്ചയും രാജ്യത്തിന്‍റെ കിഴക്കൻ, വടക്കൻ മേഖലകളിൽ നല്ല മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ പ്രവചനം. തിങ്കളാഴ്ച രാത്രിയിലും ചൊവ്വാഴ്ച രാവിലെയും ഈർപ്പമുള്ള കാലാവസ്ഥയാണ് പ്രതീക്ഷിക്കുന്നത്. തിങ്കളാഴ്ച മണിക്കൂറിൽ 35 കി.മീറ്റർ വരെ വേഗതയിൽ കാറ്റ് പ്രതീക്ഷിക്കുന്നതിനാൽ പകൽ സമയത്ത് പൊടിക്കാറ്റിന് സാധ്യതയുണ്ട്.