ഭാര്യയെയും കുട്ടികളെയും മറയാക്കി മയക്കുമരുന്ന് കടത്ത്; ഏഴ് പേർ ഷാർജ പൊലീസിൻ്റെ പിടിയിൽ

53 ലക്ഷം ദിർഹമിന്റെ മയക്കുമരുന്നുകൾ പിടികൂടി

Update: 2025-07-19 17:14 GMT

ഷാർജ: യുഎഇയിൽ ഭാര്യയെയും കുട്ടികളെയും മറയാക്കി നടത്തിയ അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് പരാജയപ്പെടുത്തി ഷാർജ പൊലീസ്. അറബ് വംശജൻ ഉൾപ്പെടെ ഏഴ് പേരെ അറസ്റ്റ് ചെയ്തു. ഇവർ കടത്താൻ ശ്രമിച്ച 53 ലക്ഷം ദിർഹമിന്റെ മയക്കുമരുന്ന് പിടികൂടുകയും ചെയ്തു.

കാനഡയിൽ നിന്നും സ്‌പെയിനിൽ നിന്നും യുഎഇയിലേക്ക് മയക്കുമരുന്ന് കടത്തിയിരുന്ന അന്താരാഷ്ട്ര ക്രിമിനൽ ശൃംഖലയിലെ സംഘത്തെയാണ് ഷാർജ പൊലീസ് വലയിലാക്കിയത്. 131 കി.ഗ്രാം മയക്കുമരുന്നുകളും സൈക്കോട്രോപിക് പദാർത്ഥങ്ങളും ഒമ്പതിനായിരത്തിലധികം ഗുളികകളുമടക്കം 53 ലക്ഷം ദിർഹമിന്റെ മയക്കുമരുന്നുകളാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്.

ഭാര്യയെയും കുട്ടികളെയും കൂടെകൂട്ടി പതിവായി യുഎഇ സന്ദർശിക്കുകയും ക്രിമിനൽ സംഘങ്ങളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്ന അറബ് വംശജനെ അധികൃതർ നിരീക്ഷിച്ച് വരികയായിരുന്നു. സ്‌പെയിനിലെ മലാഗയേയും കാനഡയിലെ ടൊറന്റോ തുറമുഖത്തേയും യുഎഇ തുറമുഖവുമായി ബന്ധിപ്പിക്കുന്ന സങ്കീർണമായ കള്ളകടത്ത് മാർഗമാണ് ഇവർ ഉപയോഗിച്ചതെന്ന് അധികൃതർ കണ്ടെത്തി. തുറമുഖത്തു നിന്ന് കാർ സ്‌പെയർ പാർട്‌സുകളുടെ കണ്ടെയ്‌നറിൽ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്നുകൾ.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News