'പൊതുജനം അറിയാൻ പാടില്ലാത്ത വിധം ഇടപെട്ടു, സിസ്റ്റത്തിൽ കയറിയിട്ടില്ല'; ജെഎസ്‌കെ റിലീസിൽ സുരേഷ് ഗോപി
'ആരെ ബന്ധപ്പെട്ടു എന്ന് പറയേണ്ടതില്ല'
ദുബൈ: 'ജാനകി വി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള' സിനിമയുടെ സെൻസർബോർഡ് നിയന്ത്രണം മറികടക്കാൻ പൊതുജനം അറിയാൻ പാടില്ലാത്ത വിധം താൻ ഇടപെട്ടിട്ടുണ്ടെന്ന് കേന്ദ്ര സഹമന്ത്രി കൂടിയായ നടൻ സുരേഷ് ഗോപി. ദുബൈയിൽ സിനിമാ പ്രോമോഷന്റെ ഭാഗമായ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്നാൽ, മന്ത്രി എന്ന നിലയിൽ സിസ്റ്റത്തിൽ ഇടപെട്ടിട്ടില്ല. പക്ഷേ, ആരെയൊക്കെ ഇതിനായി ബന്ധപ്പെട്ടു എന്ന് പറയേണ്ട കാര്യമില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
സെൻസറിങ് നടപടികൾ പൂർത്തിയാക്കി എട്ട് മാറ്റങ്ങളോടെയാണ് ചിത്രം തീയറ്ററിൽ റിലീസ് ചെയ്തത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ പതിപ്പുകളാണ് ഒന്നിച്ചു റിലീസ് ചെയ്തത്.
കഴിഞ്ഞ മാസം 27ന് റിലീസ് നിശ്ചയിച്ചിരുന്ന സിനിമയിൽ 'ജാനകി' എന്ന പേരുമാറ്റാതെ പ്രദർശനാനുമതി നൽകില്ല എന്ന് സെൻസർ ബോർഡ് നിലപാടെടുക്കുകയായിരുന്നു. സിനിമയിലെ കോടതി രംഗങ്ങളിലെ ഏഴ് ഭാഗങ്ങളിൽ ജാനകി എന്ന പേര് മ്യൂട്ട് ചെയ്തിട്ടുണ്ട്. സർട്ടിഫിക്കറ്റ് നൽകിയെന്ന് സെൻസർ ബോർഡ് അറിയിച്ചതിന് പിന്നാലെ ഹൈക്കോടതി കേസ് തീർപ്പാക്കിയിരുന്നു.