യു.എ.ഇയിൽ ആദ്യമായി കുരങ്ങുപനി സ്ഥിരീകരിച്ച് ആരോഗ്യ മന്ത്രാലയം

ആഫ്രിക്കയിൽ നിന്നെത്തിയ 29കാരിയിലാണ് രോഗം കണ്ടെത്തിയത്

Update: 2022-05-24 19:22 GMT
Editor : afsal137 | By : Web Desk

യു.എ.ഇയിൽ ആദ്യമായി കുരങ്ങുപനി സ്ഥിരീകരിച്ച് ആരോഗ്യമന്ത്രാലയം. ആഫ്രിക്കയിൽ നിന്നെത്തിയ 29കാരിയിലാണ് രോഗം കണ്ടെത്തിയത്. യുവതി ചികിത്സയിൽ തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.

കോവിഡ് ഭീതിക്കിടെയാണ് ലോകത്ത് ആശങ്ക പടർത്തി കുരങ്ങുപനിയും എത്തിയിരിക്കുന്നത്. വിവിധ രാജ്യങ്ങളിലേക്ക് പടർന്നുകൊണ്ടിരിക്കുകയാണ് രോഗം. ഇസ്രായേലിലും ആദ്യമായി കുരങ്ങുപനി റിപ്പോർട്ട് ചെയ്തു. വിദേശത്ത് നിന്ന് മടങ്ങിയെത്തിയ ഒരാൾക്കാണ് പനി സ്ഥിരീകരിച്ചത്.

Full View

12 രാജ്യങ്ങളിലായി 100 പേരെ കുരങ്ങുപനി ബാധിച്ചിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടന പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. കുരങ്ങുപനിയുടെ വ്യാപനം ആശങ്കപ്പെടേണ്ട ഒന്നാണെന്ന് യു.എസ് പ്രസിഡൻറ് ജോ ബൈഡൻ ഞായറാഴ്ച പറഞ്ഞു. ഏത് വാക്‌സിനാണ് ഫലപ്രദമെന്ന് പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നും ബൈഡൻ കൂട്ടിച്ചേർത്തു.

Advertising
Advertising

കുരങ്ങുപനി സാധാരണ കണ്ടുവരാത്ത രാജ്യങ്ങളിൽ നിരീക്ഷണം വ്യാപിപ്പിക്കുന്നതിനാൽ കൂടുതൽ കേസുകൾ തിരിച്ചറിയാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ഡബ്ല്യു.എച്ച്.ഒ അറിയിച്ചു, കുരങ്ങുപനിയുടെ വ്യാപനം എങ്ങനെ ലഘൂകരിക്കാം എന്നതിനെക്കുറിച്ചുള്ള കൂടുതൽ മാർഗനിർദേശങ്ങളും ശിപാർശകളും വരും ദിവസങ്ങളിൽ രാജ്യങ്ങൾക്ക് നൽകുമെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു. ഈയിടെ കുരങ്ങുപനി പടർന്നുപിടിച്ചത് വൈറസ് സ്ഥിരമായി പ്രചരിക്കാത്ത രാജ്യങ്ങളിൽ സംഭവിക്കുന്നതിനാൽ അവ അസാധാരണമാണെന്നാണ് ലോകോരോഗ്യ സംഘടനയുടെ അഭിപ്രായം.

നിലവിലെ കേസുകളുടെ ഉത്ഭവം എവിടെ നിന്നാണെന്നും വൈറസിനെക്കുറിച്ച് എന്തെങ്കിലും മാറ്റം വന്നിട്ടുണ്ടോ എന്നു മനസിലാക്കാൻ ശാസ്ത്രജ്ഞർ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. വസൂരിയുമായി ബന്ധപ്പെട്ട രോഗങ്ങളുടെ കേസുകൾ മുമ്പ് മധ്യ, പശ്ചിമ ആഫ്രിക്കയുമായി ബന്ധമുള്ള ആളുകൾക്കിടയിൽ മാത്രമേ കണ്ടിട്ടുള്ളൂ. എന്നാൽ ബ്രിട്ടൻ, സ്‌പെയിൻ, പോർച്ചുഗൽ, ഇറ്റലി, യുഎസ്, സ്വീഡൻ, കാനഡ എന്നിവിടങ്ങളിൽ അണുബാധ റിപ്പോർട്ട് ചെയ്തു, കൂടുതലും മുമ്പ് ആഫ്രിക്കയിലേക്ക് യാത്ര ചെയ്തിട്ടില്ലാത്ത യുവാക്കളിലാണ് രോഗം സ്ഥിരീകരിച്ചത്. ഫ്രാൻസ്, ജർമ്മനി, ബെൽജിയം, ഓസ്ട്രേലിയ എന്നിവിടങ്ങളും കേസുകൾ കണ്ടെത്തിയിട്ടുണ്ട്.

യൂറോപ്പിൽ ആദ്യമായി കുരങ്ങുപനി റിപ്പോർട്ട് ചെയ്യുന്നത് മേയ് 7നാണ്.നൈജീരിയയിൽ നിന്ന് ഇംഗ്ലണ്ടിലെത്തിയ ആൾക്കാണ് പനി സ്ഥിരീകരിച്ചത്. കുരങ്ങുപനി കോവിഡ് പോലൊരു പകർച്ചവ്യാധിയായി പരിണമിക്കില്ലെന്നാണ് ശാസ്ത്രജ്ഞരുടെ അഭിപ്രായം. 'ഈ പകർച്ചവ്യാധി ദീർഘകാലം നിലനിൽക്കാൻ സാധ്യതയില്ല. കോൺടാക്റ്റ് ട്രെയ്സിംഗ് വഴി കേസുകൾ നന്നായി വേർതിരിച്ചെടുക്കാൻ കഴിയും, ആവശ്യമെങ്കിൽ ഉപയോഗിക്കാവുന്ന മരുന്നുകളും ഫലപ്രദമായ വാക്സിനുകളും ഉണ്ട്'' ജർമ്മനിയിലെ റോബർട്ട് കോച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകനായ ഫാബിയൻ ലീൻഡർട്‌സ് പറഞ്ഞു.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News