വരും ദിവസങ്ങളില്‍ യാത്രക്കാരുടെ എണ്ണം വര്‍ധിക്കും; വിമാനത്താവളങ്ങളില്‍ നേരത്തേ എത്തണമെന്ന് മുന്നറിയിപ്പ്

ദുബൈ, അബൂദബി വിമാനത്താവള അധികൃതരാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്

Update: 2022-03-23 13:29 GMT
Advertising

അടുത്തദിവസങ്ങളില്‍ വിമാനയാത്രക്കാരുടെ എണ്ണം കുത്തനെ വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ യാത്രക്കാര്‍ നേരത്തേ വിമാനത്താവളത്തിലെത്താന്‍ ശ്രദ്ധിക്കണമെന്ന് അധികൃതരുടെ മുന്നറിയിപ്പ്. ദുബൈ, അബൂദബി വിമാനത്താവള അധികൃതരാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

മാര്‍ച്ച് 25 മുതല്‍ 28 വരെയും, സ്‌കൂളുകള്‍ അടക്കുന്നതിനാല്‍ ഏപ്രില്‍ 7 മുതല്‍ 9 വരെയും ദുബൈ വിമാനത്താവളം വഴി യാത്ര ചെയ്യുന്നവരുടെ എണ്ണം ഉയരുമെന്നാണ് വിലയിരുത്തില്‍. വിമാനത്താവളത്തിലേക്ക് എത്തുന്ന വാഹനങ്ങളുടെ എണ്ണം വര്‍ധിക്കുന്നതിനാല്‍ ഗതാഗതകുരുക്ക് മുന്‍കൂട്ടി കാണേണ്ടതുണ്.

ദുബൈ വിമാനാത്താവളത്തിന്റെ ടെര്‍മിനല്‍ വണ്‍, ടെര്‍മിനല്‍ ത്രീ എന്നിവ വഴി യാത്രചെയ്യുന്നവര്‍ വിമാനത്താവളത്തിലെത്താന്‍ ദുബൈ മെട്രോ ഉപയോഗിക്കണമെന്ന് ടെര്‍മിനല്‍ ഓപ്പറേഷന്‍സ് വിഭാഗം വൈസ് പ്രസിഡന്റ് ഈസാ അല്‍ശംസി പറഞ്ഞു. യു.കെ, മാലിദ്വീപ്, ബഹ്‌റൈന്‍, അയര്‍ലന്റ് തുടങ്ങിയ രാജ്യങ്ങള്‍ കോവിഡ് നിയന്ത്രണങ്ങള്‍ ഒഴിവാക്കിയ സാഹചര്യത്തില്‍ അബൂദബി വിമാനത്താവളത്തിലും തിരക്ക് വര്‍ധിച്ചിട്ടുണ്ടെന്ന് ഇത്തിഹാദ് എയര്‍ലൈന്‍സ് അധികൃതരും പറഞ്ഞു.

വിമാനത്താവളത്തില്‍ എത്തുന്നത് നേരത്തേയാക്കുന്നതിന് പുറമേ, വീട്ടില്‍ നിന്ന് തന്നെ ഓണ്‍ലൈന്‍ ചെക്ക് ഇന്‍ സംവിധാനം പ്രയോജനപ്പെടുത്തണം. യു.എ.ഇയില്‍ താമസവിസയുള്ള 12 വയസിന് മുകളില്‍ പ്രായമുള്ളവര്‍ വിമാനത്താവളങ്ങളിലെ സ്മാര്‍ട്ട്‌ഗേറ്റ് പ്രയോജനപ്പെടുത്തുന്നത് സമയം ലാഭിക്കാന്‍ സഹായിക്കും. വിമാനം പുറപ്പെടുന്ന സമയവും ടെര്‍മിനലും യാത്രക്ക് മുമ്പ് പരിശോധിച്ച് ഉറപ്പാക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News