ലോകത്തെ ഏറ്റവും വലിയ നിരീക്ഷണ ചക്രം ഐന്‍ ദുബൈ ഇന്ന് മുതല്‍ അടച്ചിടും
റമദാന്‍ മാസത്തിന് ശേഷമായിരിക്കും ഇനി ഐന്‍ ദുബൈ സഞ്ചാരികള്‍ക്കായി തുറന്നുകൊടുക്കുക
ദുബൈയില്‍ നിരവധി വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന സുപ്രധാന വിനോദ കേന്ദ്രമായ ഐന്‍ ദുബൈ ഇന്ന് മുതല്‍ അടച്ചിടുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
ലോകത്തിലെ ഏറ്റവും വലിയ നിരീക്ഷണ വലയമെന്ന റെക്കോര്‍ഡുള്ള ഐന്‍ ദുബൈ സ്വദേശികളുടെയും വിദേശ സഞ്ചാരികളുടെയും ഇഷ്ട കേന്ദ്രമാണ്. ഏപ്രിലില്‍ ആരംഭിക്കുന്ന വിശുദ്ധ റമദാന്‍ മാസത്തിന് ശേഷമായിരിക്കും ഇനി ഐന്‍ ദുബൈ സഞ്ചാരികള്‍ക്കായി തുറന്നുകൊടുക്കുക.
'ഐൻ ദുബൈ' അഥവാ ദുബൈയുടെ കണ്ണ് എന്നാണ് ഈ കുറ്റൻ ചക്രത്തിന്‍റെ പേര്. ദുബൈ നഗരത്തിലെ ബ്ലൂവാട്ടർ ഐലന്‍റിലാണ് ഐൻ ദുബൈ നിർമിച്ചിരിക്കുന്നത്. 250 മീറ്ററാണ് ഇതിന്‍റെ ഉയരം. വളയത്തിലൊരിക്കിയ കാബിനിലിരുന്ന് ദുബൈ നഗരത്തിന്‍റെ കണ്ണായ മേഖലയിലെ കാഴ്ചകളെല്ലാം കാണാം എന്നതാണ് ഇതിന്‍റെ പ്രത്യേകത. 1750 പേർക്ക് ഒരേ സമയം ഇതിൽ കയറാം. നിരീക്ഷണത്തിനും, ഒത്തുചേരലുകൾക്കും, പുറമെ സ്വകാര്യ ആവശ്യത്തിനും ഉപയോഗിക്കാവുന്ന തരത്തില്‍ മൂന്ന് തരം കാബിനുകളാണ് ചക്രത്തിനുള്ളത്. 38 മിനിറ്റ് കൊണ്ടാണ് ഐൻ ദുബൈ ഒരു കറക്കം പൂർത്തിയാക്കുക.
ഐന്‍ ദുബൈയിലെ സംവിധാനങ്ങളും സൗകര്യങ്ങളും കൂടുതല്‍ മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ടാണ് തല്‍ക്കാലത്തേക്ക് കേന്ദ്രം അടക്കുന്നതെന്നാണ് അധികൃതര്‍ വ്യക്തമാക്കിയിരിക്കുന്നത്.