ദേശീയചിഹ്നങ്ങളിൽ എഐ ദുരുപയോഗം വിലക്കി യു.എ.ഇ
പൊതുവ്യക്തിത്വങ്ങളുടെ ചിത്രങ്ങൾ ജനറേറ്റ് ചെയ്യാൻ മുൻകൂർ അനുമതി വേണം
ദുബൈ: യുഎഇയിൽ ദേശീയചിഹ്നങ്ങൾ എ.ഐ. ഉപയോഗിച്ച് നിർമിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തി. പൊതുവ്യക്തിത്വങ്ങളുടെ രൂപം എ.ഐ. സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമിക്കാൻ മുൻകൂർ അനുമതി വേണമെന്നും പുതിയ നിയമം അനുശാസിക്കുന്നു. യു.എ.ഇ മീഡിയ കൗൺസിലാണ് മുൻകൂർ അനുമതിയില്ലാതെ ദേശീയചിഹ്നങ്ങൾ എ.ഐ. സാങ്കേതികവിദ്യയോ സമാനമായ മറ്റ് സംവിധാനങ്ങളോ ഉപയോഗിച്ച് നിർമിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയത്. പൊതുവ്യക്തിത്വങ്ങളുടെ രൂപം മുൻകൂർ അനുമതിയില്ലാതെ എ.ഐ. ഉപയോഗിച്ച് സൃഷ്ടിക്കുന്നതും നിയമവിരുദ്ധമായിരിക്കും.
തെറ്റിദ്ധാരണ, വെറുപ്പ്, വിദ്വേഷം എന്നിവ പരത്താനും, മറ്റുള്ളവരെ അപമാനിക്കാനും ഇത്തരം സാങ്കേതികവിദ്യ ഉപയോഗിക്കുന്നത് കുറ്റകരമായിരിക്കും. അടുത്തിടെ ഒരു സോഷ്യൽമീഡിയ താരം യു.എ.ഇ രാഷ്ട്രപിതാവിനൊപ്പം നിൽക്കുന്ന എ.ഐ. വീഡിയോ പ്രചരിച്ചത് വിവാദത്തിന് കാരണമായിരുന്നുവെന്ന് യു.എ.ഇ ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മഹൽവ്യക്തിത്വങ്ങളെ അപമാനിക്കുന്നതിന് തുല്യമാണ് ഇത്തരം എ.ഐ. വീഡിയോകളെന്ന വിമർശനും ശക്തമായിരുന്നു.