യുഎഇ ബജറ്റിന് അംഗീകാരം നൽകി മന്ത്രിസഭ

അവതരിപ്പിച്ചത് 71.5 ബില്യൺ ദിർഹമിന്റെ ബജറ്റ്, സാമൂഹ്യക്ഷേമ പദ്ധതികൾക്ക് ഊന്നൽ

Update: 2024-10-08 15:53 GMT

ദുബൈ: 2025 സാമ്പത്തിക വർഷത്തിലേക്കുള്ള ബജറ്റിന് അംഗീകാരം നൽകി യുഎഇ മന്ത്രിസഭ. 71.5 ബില്യൺ ദിർഹം ചെലവും അത്ര തന്നെ വരുമാനവും കണക്കാക്കുന്ന ബജറ്റിനാണ് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ അംഗീകാരം നൽകിയത്. രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഫെഡറൽ ബജറ്റിനാണ് മന്ത്രിസഭ അംഗീകാരം നൽകിയത്. ചെലവും വരുമാനവും സന്തുലിതമായ ബജറ്റിൽ സാമൂഹ്യക്ഷേമ പദ്ധതികൾക്കാണ് ഊന്നൽ. പെൻഷൻ അടക്കമുള്ള സുരക്ഷാ പദ്ധതികൾക്കായി 27.85 ബില്യൺ ദിർഹമാണ് നീക്കി വച്ചിട്ടുള്ളത്. ആകെ ബജറ്റിന്റെ 39 ശതമാനവും ഈ മേഖലയ്ക്കാണ്.

Advertising
Advertising

ഗവൺമെന്റ് കാര്യങ്ങൾക്കായി 25.57 ബില്യൺ ദിർഹം നീക്കിവച്ചു. ആകെ ബജറ്റിന്റെ 35.7 ശതമാനം. സാമ്പത്തികകാര്യങ്ങൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കുമായി നീക്കി വച്ചത് 2.58 ബില്യൺ ദിർഹം. ആകെ ബജറ്റിന്റെ 3.6 ശതമാനം വരുമിത്. ധനനിക്ഷേപങ്ങൾക്കായി 2.86 ബില്യൺ ദിർഹവും മറ്റു ഗവൺമെന്റ് ചെലവുകൾക്കായി 12.62 ബില്യൺ ദിർഹവും വകയിരുത്തിയിട്ടുണ്ട്.

സാമൂഹ്യ ക്ഷേമ പദ്ധതിക്കു കീഴിൽ വരുന്ന ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് 10.91 ബില്യൺ ദിർഹവും ആരോഗ്യ മേഖലയ്ക്ക് 5.74 ബില്യണും വകയിരുത്തി. പെൻഷനു വേണ്ടി നീക്കിയിരുത്തിയത് 5.7 ബില്യൺ. പൊതുസേവന മേഖലയ്ക്കായി 1.74 ബില്യൺ നീക്കിവച്ചു.

2024 സാമ്പത്തിക വർഷത്തെ ബജറ്റിനെ അപേക്ഷിച്ച് ചെലവിൽ 12 ശതമാനം വർധനയാണ് ഉണ്ടായിട്ടുള്ളത്. ഫെഡറൽ ബജറ്റിന് പുറമേ ഓരോ എമിറേറ്റ്സിനും പ്രത്യേക ബജറ്റും രാജ്യത്ത് അവതരിപ്പിക്കാറുണ്ട്.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News