ഗസ്സയുടെ പുനർനിർമാണം; രാഷ്ട്രീയ വ്യക്തത വേണമെന്ന് യുഎഇ

യുഎഇ പ്രസിഡണ്ടിന്റെ രാഷ്ട്രീയ ഉപദേശകൻ കൂടിയായ ഡോ. അൻവർ ഗർഗാഷിന്റെതാണ് പ്രതികരണം

Update: 2025-02-26 17:20 GMT
Editor : Thameem CP | By : Web Desk

ദുബൈ: രാഷ്ട്രീയ വ്യക്തതയില്ലാതെ ഗസ്സയുടെ പുനർനിർമാണം സാധ്യമാകില്ലെന്ന് മുതിർന്ന യുഎഇ നയതന്ത്ര ഉദ്യോഗസ്ഥൻ ഡോ. അൻവർ ഗർഗാഷ്. അബൂദബിയിൽ നടക്കുന്ന ഇൻവസ്റ്റോപിയ കോൺഫറൻസിലാണ് യുഎഇ പ്രസിഡണ്ട് ശൈഖ് മുഹമ്മദിന്റെ രാഷ്ട്രീയ ഉപദേശകൻ കൂടിയായ ഡോ. അൻവർ ഗർഗാഷിന്റെ പ്രതികരണം. അതിബൃഹത്തായ പുനർനിർമാണ പദ്ധതിയാണ് ഗസ്സയ്ക്ക് വേണ്ടത്. ദ്വിരാഷ്ട്ര പദ്ധതിയെന്ന കൃത്യമായ രാഷ്ട്രീയ പദ്ധതിയില്ലാതെ പുനർനിർമാണം സാധ്യമാകില്ല. ഗസ്സയിലേക്ക് വെറുതേ പോയി കോടികൾ നിക്ഷേപിച്ച്, അതിനു ശേഷം വീണ്ടുമൊരു സംഘർഷമുണ്ടാകുന്നത് ശരിയാകില്ല. വലിയ നിക്ഷേപങ്ങൾ ഗസ്സയിലേക്ക് വരുന്നതിന് മുമ്പ് രാഷ്ട്രീയസ്ഥിരതയും അത്യാവശ്യമാണ്- അദ്ദേഹം വ്യക്തമാക്കി.

Advertising
Advertising

സംഘർഷങ്ങൾ ഇല്ലാതാക്കാൻ അന്താരാഷ്ട്ര സമൂഹം യോജിച്ചു പ്രവർത്തിക്കേണ്ടതുണെന്നും ഗർഗാഷ് അഭിപ്രായപ്പെട്ടു. കഴിഞ്ഞ വർഷം അറബ് മേഖല രാഷ്ട്രീയ ഭൂകമ്പത്തിലൂടെയാണ് കടന്നു പോയത്. ഗസ്സയിലും വടക്കൻ ലബനാനിലും പതിനാലു വർഷത്തെ ആഭ്യന്തര സംഘർഷത്തിനു ശേഷം സിറിയയിലും ഉണ്ടായ നാശനഷ്ടങ്ങൾ മനസ്സിലാക്കാൻ ഇനിയും സമയം ആവശ്യമാണ്. പുനർനിർമാണത്തിന് ധീരമായ പദ്ധതിയാണ് ആവശ്യം- അദ്ദേഹം കൂട്ടിച്ചേർത്തു.

ഫലസ്തീനികളെ ഗസ്സയിൽനിന്ന് കുടിയിറക്കാനുള്ള ട്രംപിന്റെ പദ്ധതിയെ ഗർഗാഷ് നിരാകരിച്ചു. യുഎഇ പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ഇക്കാര്യത്തിൽ വ്യക്തമായ നിലപാട് പ്രഖ്യാപിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എല്ലാ പശ്ചിമേഷ്യൻ രാഷ്ട്ര നേതാക്കളും ട്രംപിന്റെ ആശയത്തോട് വിയോജിച്ചിരുന്നു. ഇതിന് പിന്നാലെ, ഗസ്സയുടെ പുനർനിർമാണവുമായി ബന്ധപ്പെട്ട ചർച്ചകൾ അറബ് രാഷ്ട്രങ്ങൾ വേഗത്തിലാക്കിയിട്ടുണ്ട്. ഈജിപ്ത് മുൻകയ്യെടുക്കുന്ന ഇരുപത് ബില്യൺ യുഎസ് ഡോളറിന്റെ പുനർനിർമാണ പദ്ധതിയാണ് ചർച്ചകളിൽ പ്രധാനപ്പെട്ടത്.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News