യു.എ.ഇ നിർമിത റോവറുകൾ ചന്ദ്രനിലെത്തിക്കും; ചാന്ദ്ര ദൗത്യങ്ങൾക്ക് ചൈനയുമായി കരാറിലൊപ്പിട്ട് യു.എ.ഇ
ബഹിരാകാശ സഹകരണത്തിന് ആദ്യമായാണ് ഇരുരാജ്യങ്ങളും കരാറിലെത്തുന്നത്
ചാന്ദ്രദൗത്യങ്ങളിൽ സഹകരിക്കാൻ യു.എ.ഇ ചൈനയുമായി കരാർ ഒപ്പിട്ടു. ബഹിരാകാശ സഹകരണത്തിന് ആദ്യമായാണ് ഇരുരാജ്യങ്ങളും കരാറിലെത്തുന്നത്. യു.എ.ഇ നിർമിച്ച പര്യവേഷണ വാഹനങ്ങൾ ചന്ദ്രന്റെ ഉപരിതലത്തിൽ എത്തിക്കാനാണ് കരാർ.
യു.എ.ഇയുടെ മുഹമ്മദ് ബിൻ റാശിദ് ബഹിരാകാശ കേന്ദ്രവും ചൈനയുടെ നാഷണൽ സ്‌പേസ് അഡ്‌മിനിസ്‌ട്രേഷനുമാണ് കരാർ ഒപ്പിട്ടത്. ഇരുരാജ്യങ്ങളും തമ്മിലെ ഭാവി ബഹിരാകാശ സഹകരണത്തിന് കൂടി അടിത്തറ പാകുന്നതാണ് കരാറെന്ന് അധികൃതർ പറഞ്ഞു.
ചൈന വിജയകരമായി ചാന്ദ്ര പര്യവേക്ഷണം നടത്തുന്ന രാജ്യമാണ്. 2013ലെ ചേഞ്ച്-3 ബഹിരാകാശ പേടകമാണ് ആദ്യമായി ചൈന ചന്ദ്രനിൽ എത്തിച്ചത്. 2019ൽ ചന്ദ്രന്‍റെ വിദൂരഭാഗത്ത് ഒരു ബഹിരാകാശ പേടകം ഇറക്കാനും കഴിഞ്ഞു. സഹകരണത്തിലൂടെ യു.എ.ഇ നിർമിക്കുന്ന ചന്ദ്രപര്യവേക്ഷണ വാഹനങ്ങൾ എളുപ്പത്തിൽ ലക്ഷ്യ സ്ഥാനത്തെത്തിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. യു.എ.ഇയുടെ ആദ്യ ചാന്ദ്രദൗത്യ പേടകമായ റാശിദ് റോവർ ഈ നവംബറിൽ വിക്ഷേപിക്കാനാണ് പദ്ധതിയിടുന്നത്. 10കിലോ തൂക്കമുള്ള പര്യവേക്ഷണ വാഹനം 'റാശിദ്' ഹകുട്ടോ-ആർ മിഷൻ-1 എന്ന ജാപ്പനീസ് ലാൻഡറിലാണ് ചന്ദ്രോപരിതലത്തിൽ എത്തിക്കുന്നത്. ഭാവിയിൽ നിർമിക്കുന്ന റോവറുകൾ ചന്ദ്രനിലെത്തിക്കുന്നതിനാണ് ചൈനയുമായ കൈകോർക്കുന്നത്.