റോഡുകളുടെ ഗുണനിലവാരത്തിൽ യു.എ.ഇക്ക് ആഗോളതലത്തിൽ അഞ്ചാം സ്ഥാനം

റോഡുകളുടെ ഗുണനിലവാരത്തിൽ അറബ് മേഖലയിൽ യു.എ.ഇക്ക് ഒന്നാം സ്ഥാനമാണ്

Update: 2024-05-28 18:01 GMT

ദുബൈ: റോഡുകളുടെ ഗുണനിലവാരത്തിൽ യു.എ.ഇക്ക് ആഗോളതലത്തിൽ അഞ്ചാം സ്ഥാനവും അറബ് മേഖലയിൽ ഒന്നാം സ്ഥാനവും. വേൾഡ് ഇകണോമിക് ഫോറം പുറത്തുവിട്ട യാത്രാ-വിനോദ സഞ്ചാര വികസനസൂചികയിലാണ് യു.എ.ഇയുടെ ഈ നേട്ടം.

ഭരണാധികാരികളുടെ കാഴ്ചപ്പാടിൻറെയും യു.എ.ഇയുടെ തന്ത്രപ്രധാനമായ ആസൂത്രണത്തിൻറെയും മികവാണ് നേട്ടത്തിന് സഹായിച്ചതെന്ന് ഊർജ, അടിസ്ഥാനസൗകര്യ വികസന മന്ത്രി സുഹൈൽ മുഹമ്മദ് അൽ മസ്‌റൂയി പറഞ്ഞു. ആഗോള സൂചകങ്ങളിൽ ഉയർന്ന റാങ്കിങ് നേടിയത് അന്താരാഷ്ട്ര നിക്ഷേപകരുടെ ആത്മവിശ്വാസം വർധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Advertising
Advertising

ഭരണനേതൃത്വത്തിൻറെ അഭിലാഷങ്ങൾക്കനുസരിച്ച് യു.എ.ഇ കൂടുതൽ കരുത്തുറ്റതായി മാറുകയാണെന്ന് ഫെഡറൽ കോംപറ്റീറ്റീവ്നെസ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് സെൻറർ ഡയറക്ടർ ഹനാൻ മൻസൂർ അഹ്ലി പറഞ്ഞു. വേൾഡ് ഇക്കണോമിക് ഫോറം പുറത്തിറക്കിയ ട്രാവൽ ആൻഡ് ടൂറിസം ഡെവലപ്മെൻറ് ഇൻഡക്സ് 2024 റിപ്പോർട്ടിൻറെ ഫലങ്ങൾ യു.എ.ഇ വികസിപ്പിച്ച അടിസ്ഥാന സൗകര്യങ്ങളുടെ ഗുണമേന്മയെയും ഉയർന്ന നിലവാരത്തെയും അടിവരയിടുന്നു. റോഡുകൾ, പൊതുഗതാഗത സേവനങ്ങൾ, തുറമുഖ സേവനങ്ങൾ എന്നിവയുടെ ഗുണനിലവാരം വർധിച്ചത് വിദേശ നിക്ഷേപം ആകർഷിക്കാനും ജി.ഡി.പി വർധിപ്പിക്കാനും സഹായിക്കുമെന്ന പ്രതീക്ഷയിലാണ് യു.എ.ഇ നേതൃത്വം.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News